മുസ്‍ലിം വിരുദ്ധ വ്യാജവാർത്തകളിൽ ‘സീ ന്യൂസി’ന് അന്ത്യശാസനവുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി
ന്യൂഡൽഹി: മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് അങ്ങേയറ്റം അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് പ്രമുഖ ദേശീയ മാധ്യമമായ ‘സീ ന്യൂസി’നെതിരെ കടുത്ത നടപടിയുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻബിഡിഎസ്എ). മുൻ സുപ്രീം കോടതി ജഡ്ജിയും എൻബിഡിഎസ്എ ചെയർമാനുമായ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ചാനലിനെ ശക്തമായി ശാസിച്ചത്. ഏഴു ദിവസത്തിനകം വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും ഉത്തരവുണ്ട്. ഇല്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ വർഗീയ ഭിന്നത ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ചാനലിന്റെ പ്രൈം ടൈം ചർച്ചകളെന്ന് അതോറിറ്റി നിരീക്ഷിച്ചു. ഭക്ഷണ പദാർത്ഥങ്ങളിൽ മനഃപൂർവം തുപ്പുന്ന ‘ജിഹാദികൾ’ രാജ്യത്ത് സജീവമാണെന്ന് വരുത്തിത്തീർക്കാൻ സീ ന്യൂസ് പലതവണ പ്രൈം ടൈം ഷോകൾ സംപ്രേഷണം ചെയ്തിരുന്നു. ഇത്തരം വാർത്തകൾക്കായി ചാനൽ ഉപയോഗിച്ച ദൃശ്യങ്ങളെല്ലാം തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എൻബിഡിഎസ്എ കണ്ടെത്തി.
ചാനൽ കാണിച്ച ദൃശ്യങ്ങളിൽ പലതും ഭക്ഷണ സാധനങ്ങൾ വൃത്തിയാക്കുന്നതിന്റെയോ അല്ലെങ്കിൽ വ്യക്തിപരമായ മറ്റ് കാരണങ്ങളാലോ ഉള്ളതായിരുന്നു. ഇതിന് യാതൊരുവിധ മതപരമായ മാനമോ ജിഹാദ് ബന്ധമോ ഇല്ലെന്ന് വ്യക്തമായിട്ടും, ഒരു ജനവിഭാഗത്തെ മുഴുവൻ ക്രിമിനലുകളായി ചിത്രീകരിക്കുന്ന രീതിയിലാണ് ചാനൽ വാർത്ത നൽകിയതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ മുസ്ലിം ജനവിഭാഗങ്ങൾ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കുന്നു എന്ന പേരിൽ സീ ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിലെ സുൽത്താൻപൂരിൽ നടന്ന പരമ്പരാഗത കാളിപൂജയുടെ ഭാഗമായി വിഗ്രഹം നിമജ്ജനം ചെയ്യുന്ന ആചാരത്തിന്റെ ദൃശ്യങ്ങളാണ് ചാനൽ ദുരുപയോഗം ചെയ്തത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമം എന്ന പേരിൽ ഈ ദൃശ്യങ്ങൾ കാണിച്ച് മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിലാക്കാൻ ചാനൽ ശ്രമിക്കുകയായിരുന്നു. സ്വതന്ത്ര ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ ഇത് വ്യാജമാണെന്ന് തെളിയിച്ചിട്ടും ചാനൽ തിരുത്താൻ തയ്യാറായിരുന്നില്ല.
സാമൂഹിക പ്രവർത്തകനായ ഇന്ദ്രജീത് ഘോർപഡെ നൽകിയ പരാതിയിലാണ് നടപടി. വാർത്തകൾ നൽകുമ്പോൾ പാലിക്കേണ്ട വസ്തുതകളുടെ കൃത്യത, നിഷ്പക്ഷത എന്നീ അടിസ്ഥാന മാധ്യമ തത്വങ്ങൾ സീ ന്യൂസ് പൂർണമായും കാറ്റിൽപ്പറത്തിയെന്ന് ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു സമുദായത്തെയാകെ അപരവൽക്കരിക്കാനും അവർക്കെതിരെ വിദ്വേഷം ജനിപ്പിക്കാനും ചാനൽ ബോധപൂർവം ശ്രമിച്ചു.
മറ്റൊരു പരാതിയിൽ, ബംഗ്ലാദേശിലെ രാഷ്ട്രീയ അക്രമങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ മുസ്ലിംകളെ ഭീഷണിയായി ചിത്രീകരിക്കുന്ന രീതിയിൽ ചാനൽ നടത്തിയ ചർച്ചയും അതോറിറ്റിയുടെ വിമർശനത്തിന് വിധേയമായി. ‘കാളീചരൺ മഹാരാജ് വേഴ്‌സസ് 4 മൗലാന’ എന്ന പേരിൽ നടത്തിയ പ്രൈം ടൈം ചർച്ചയിൽ പങ്കെടുത്ത മുസ്ലിം പാനലിസ്റ്റുകളെല്ലാം അക്രമങ്ങളെ അപലപിച്ചിട്ടും, ചാനൽ അവരെ ‘മൗലാനമാർ’ എന്ന ഒരൊറ്റ മതപരമായ ലേബലിൽ ഒതുക്കി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന് സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനുപുറമേ ചർച്ചയ്ക്കിടെ സ്‌ക്രീനിന്റെ താഴെ നൽകിയ ടിക്കറുകളിലൂടെ മുസ്ലിം വിരുദ്ധ നിഗമനങ്ങളും വിദ്വേഷ പ്രചാരണങ്ങളും ചാനൽ ജനങ്ങളിലേക്ക് എത്തിച്ചു. ഇത് മാധ്യമങ്ങളുടെ നിഷ്പക്ഷതയ്ക്ക് വിരുദ്ധമാണെന്ന് അതോറിറ്റി നിരീക്ഷിച്ചു.
മേഘാലയയിലെ ഒരു കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ അമ്മയുടെ സ്വകാര്യത ലംഘിച്ചതിന് 25,000 രൂപ പിഴയൊടുക്കാനും സീ ന്യൂസിനോട് അതോറിറ്റി ഇതേ സിറ്റിങ്ങിൽ നിർദേശിച്ചിട്ടുണ്ട്. മാധ്യമങ്ങൾ റേറ്റിംഗിന് വേണ്ടി വർഗീയതയും വ്യാജവാർത്തകളും ചമയ്ക്കുന്നതിനെതിരെ കർശന നിലപാടാണ് അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്.
മേഘാലയയിൽ നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ അമ്മയെ അവർ അങ്ങേയറ്റം മാനസിക വിഷമം അനുഭവിക്കുന്ന സമയത്ത് നിർബന്ധിതമായി അഭിമുഖം ചെയ്യുകയും അവരുടെ സ്വകാര്യത ലംഘിക്കുകയും ചെയ്ത സംഭവത്തിൽ സീ ന്യൂസിന് അതോറിറ്റി 25,000 രൂപ പിഴയും ചുമത്തി. വിദ്വേഷവും വർഗീയതയും പരത്തുന്നതും വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായ ഇത്തരം പ്രോഗ്രാമുകൾ തങ്ങളുടെ വെബ്സൈറ്റ്, യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ഏഴു ദിവസത്തിനകം നീക്കം ചെയ്യാൻ സീ ന്യൂസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിലുള്ള തന്ത്രപൂർവമായ വാർത്താ നിർമിതികളിൽനിന്നു മാധ്യമങ്ങൾ പിന്തിരിയണമെന്നും ജസ്റ്റിസ് എ.കെ സിക്രി ഓർമിപ്പിച്ചു.