02/06/2026
[fontresizer_tawhidurrahmandear_widget]

ഗതാഗത വകുപ്പിന് പുറമെ വയോജന വകുപ്പും സി.പി ജോണിന്; ഉത്തരവ് ഉടൻ

 ഗതാഗത വകുപ്പിന് പുറമെ വയോജന വകുപ്പും സി.പി ജോണിന്; ഉത്തരവ് ഉടൻ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ ചുമതല സിഎംപി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന് നൽകാൻ യുഡിഎഫ് മുന്നണിയിൽ ധാരണയായി. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘അഞ്ച് ഇന്ദിരാ ഗ്യാരന്റികളിൽ’ ഉൾപ്പെട്ടതാണ് വയോധികർക്കായുള്ള ഈ പ്രത്യേക വകുപ്പ്. അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വകുപ്പ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. നിലവിലുള്ള ഗതാഗത വകുപ്പിന് പുറമെയാണ് സി.പി. ജോണിന് ഈ പുതിയ ചുമതല കൂടി നൽകുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും.

സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കായി പുതിയ ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കാനും നിലവിലുള്ള വിവിധ പരിപാടികൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനുമാണ് പ്രത്യേക വയോജന വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ജപ്പാനിലെ വയോജന പരിപാലന രീതികളെ മാതൃകയാക്കിയാണ് കേരളത്തിൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധനും ദീർഘകാലം സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായിരുന്ന സി.പി. ജോണിന്റെ ഭരണപരിചയം ഈ പുതിയ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വയോധികരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ തീരുമാനം നിർണ്ണായകമാകും.

Also read: