02/08/2026
[fontresizer_tawhidurrahmandear_widget]

വിവാഹ വാർഷിക തലേന്ന് ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ; ഭർത്താവ് ആദിൽ റിമാൻഡിൽ

 വിവാഹ വാർഷിക തലേന്ന് ആസിഡ് കുടിച്ച് യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ; ഭർത്താവ് ആദിൽ റിമാൻഡിൽ

കാസർകോട്: ഒന്നാം വിവാഹ വാർഷികത്തിന്റെ തലേദിവസം യുവതി ആസിഡ് (രാസലായനി) കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്‌തു. ചെങ്കള പാണലം സ്വദേശി ആദിലിന്റെ ഭാര്യ ഫാത്തിമത്ത് സുഫൈദയാണ് (24) ഞായറാഴ്‌ച പുലർച്ചെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ആത്മഹത്യാപ്രേരണാ കുറ്റം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ പോലീസ് അറസ്‌റ്റ് ചെയ്തത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് മൂന്നു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട്. വിവാഹത്തിന് പിന്നാലെ തന്നെ ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. പലപ്പോഴും ഇരു കുടുംബങ്ങളും ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ടും ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും സുഫൈദ ഈ വിവരം സ്വന്തം വീട്ടുകാരെ വിളിച്ച് അറിയിക്കുകയുമായിരുന്നു.

തുടർന്ന് സുഫൈദയുടെ സഹോദരൻ അബ്‌ദുൽ വാസിലും മറ്റ് ബന്ധുക്കളും ചെങ്കളയിലെ വീട്ടിലെത്തി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകാൻ സുഫൈദ ഒരുങ്ങിയെങ്കിലും, കുട്ടിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ആദിൽ തടഞ്ഞുറപ്പിച്ചു. ഇതിൽ മനംനൊന്ത് വീട്ടിനകത്തേക്ക് ഓടിക്കയറിയ സുഫൈദ നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന രാസലായനി എടുത്തു കുടിക്കുകയായിരുന്നു.

അവശനിലയിലായ സുഫൈദയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഞായറാഴ്ച‌ പുലർച്ചെയോടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് നടത്തിയ ഇൻക്വസ്‌റ്റ് നടപടികളിൽ സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ നിരവധി പാടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ആദിലിനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.

Also read: