തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈകോടതി
ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ നിരോധന ഉത്തരവ് സംസ്ഥാനത്ത് ഉടനടി നടപ്പിലാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ബക്രീദ് ദിനത്തിലോ മറ്റ് ഏതെങ്കിലും ദിവസങ്ങളിലോ സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് കൃത്യമായി ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്‌മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും ആവശ്യപ്പെട്ടു. ഉത്തരവിൻമേൽ സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി കേസ് വരും ദിവസങ്ങളിൽ വീണ്ടും പരിഗണിക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന വിധി. ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി അധികൃതർ കൃത്യമായി അനുമതി നൽകിയ സ്ഥലങ്ങളിലല്ലാതെ പൊതുവിടങ്ങളിൽ കശാപ്പുനടത്താൻ അനുവദിക്കരുത് എന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ശ്രീകൃഷ്ണന്റെ കാലം മുതൽക്കേ ഇന്ത്യയിൽ പശുവിനെ ആരാധിച്ചുപോരുന്നതായി കോടതി നിരീക്ഷിച്ചു. മുൻകാലങ്ങളിൽ പല മുസ്‌ലിം ഭരണാധികാരികളും ഗോവധം നിരോധിച്ചിട്ടുണ്ടെന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗോസംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യം സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ഗോവധ നിരോധന നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും അതിനെ മുൻപ് കോടതികൾ ശരിവെച്ചിട്ടുള്ളതാണെന്നും അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ബക്രീദ് ദിനത്തിൽ മുസ്‌ലിം സമുദായത്തിൽപ്പെട്ട എല്ലാവരും പശുക്കളെ ബലിയർപ്പിക്കാറില്ലെന്ന സുപ്രീംകോടതിയുടെ മുൻ നിരീക്ഷണം മദ്രാസ് ഹൈക്കോടതി ഇവിടെ ഉദ്ധരിച്ചു. ഇസ്‌ലാംമത വിശ്വാസപ്രകാരം ഒരാൾക്ക് തന്റെ മതപരമായ ആശയങ്ങൾ പ്രകടിപ്പിക്കാൻ ബക്രീദ് നാളിൽ പശുവിനെത്തന്നെ ബലിയർപ്പിക്കണം എന്നത് നിർബന്ധിതമായ ഒരു പ്രവൃത്തിയല്ലെന്നും ഹൈക്കോടതി വിലയിരുത്തി.