‘ക്ഷുഭിതരായ ജനക്കൂട്ടത്തിന് നേരെ ഇഡി ഉദ്യോഗസ്ഥര്‍ കാറും എടുത്ത് പോകാമോ?; ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേ?’ -ഇ പി ജയരാജൻ
ഇ പി ജയരാജൻ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അക്രമത്തിൽ പുതിയ വാദവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പക്വമായ നിലപാടാണോ ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. സ്ഥലത്ത് ബോധപൂർവ്വം ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനല്ലേ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും ജയരാജൻ വിമർശിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായത് സ്വാഭാവികമായ ജനരോഷം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“സാധാരണ നിലയിൽ ഇത്തരം ഘട്ടങ്ങളിൽ എന്താണ് ചെയ്യേണ്ടത്? വലിയൊരു ജനക്കൂട്ടം കടുത്ത അമർഷത്തോടെ പുറത്തുനിൽക്കുന്നു, മുദ്രാവാക്യം വിളിക്കുന്നു. ആ ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് മുന്നോട്ട് പോകാൻ ഒടുവിൽ പറ്റുമോ? അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും അവിടെ പ്രതികരണങ്ങൾ ഉണ്ടാകില്ലേ? പിണറായിയിലെ വസതിയിൽ എല്ലാവരെയും കൃത്യമായി മാറ്റിനിർത്തി സുരക്ഷിതമായിട്ടല്ലേ അവർ മടങ്ങിയത്. അവിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായോ? ഇല്ല. എന്നാൽ തിരുവനന്തപുരത്ത് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ് നടന്നത്. ക്ഷുഭിതരായി നിൽക്കുന്ന ജനക്കൂട്ടത്തിന് നേരെ കാറും എടുത്ത് പോകുമ്പോൾ ഏത് ഗാന്ധിയന്മാരും പ്രതികരിച്ചുപോകും. അതാണ് ഇവിടെ എല്ലാവരും മനസ്സിലാക്കേണ്ടത്,” ഇ പി ജയരാജൻ വ്യക്തമാക്കി.
ഇത്തരമൊരു അടിയന്തര സാഹചര്യം ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത് കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആർഎസ്എസ്-ബിജെപി-കോൺഗ്രസ് സഖ്യത്തിന്റെ ഹിഡൻ അജണ്ടയും രാഷ്ട്രീയ ഡീലുകളും നടപ്പിലാക്കി കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെ തകർക്കാമെന്നാണ് വിചാരിക്കുന്നതെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണെന്ന് മനസ്സിലാക്കണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.