യുദ്ധക്കുറ്റവാളിയായ ഇസ്രയേൽ സൈനികൻ ഇന്ത്യയിൽ; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷൻ
ന്യൂഡൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ യുദ്ധക്കുറ്റവാളിയായ ഇസ്രയേലി സൈനികൻ ഈതൻ ഗിൽബോവയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ. റിസർവിസ്റ്റ് ഉദ്യോഗസ്ഥനായ ഇയാൾ വംശഹത്യയിൽ നേരിട്ട് പങ്കാളിയാണ്. ഹിമാചൽ പ്രദേശിലെ ഗ്രാമങ്ങളിൽ ഇത്തരത്തിൽ നിരവധി ഇസ്രയേലി സൈനികർ വിനോദ സഞ്ചാരികളായി എത്താറുണ്ടെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. നിലവിൽ ഈതനും ഹിമാചലിൽ ഉണ്ടെന്നാണ് വിവരം. ഇയാൾക്ക് എതിരെയുള്ള വിശദമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിനും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എന്നിവർക്കും ഹിന്ദ് റജബ് ഫൗണ്ടേഷൻ കൈമാറിയിട്ടുണ്ട്.
ഗസ്സയിൽ ജനവാസ മേഖലകളിൽ ആസൂത്രണം ചെയ്ത് തകർക്കുകയും ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത ഇയാളെ രാജ്യത്ത് നിന്ന് കടന്നുകളയുന്നത് തടയണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന്റെ വീഡിയോ ഇയാൾ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഈതൻ ഗിൽബോവ ചെയ്തു കൂട്ടിയ പ്രവൃത്തികൾ ഗുരുതരമായ യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നു. ജനീവ കൺവെൻഷനിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യം എന്ന നിലയിൽ, ഇത്തരം കടുത്ത കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരാകുന്ന വ്യക്തികളെ അവർ ഏത് രാജ്യക്കാരാണെങ്കിലും കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കാൻ അന്താരാഷ്ട്ര നിയമത്തിലെ ആർട്ടിക്കിൾ 146 പ്രകാരം ഇന്ത്യക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു.
ഗിൽബോവ ഒരു വിനോദസഞ്ചാരിയല്ലെന്നും താൻ ചെയ്ത ക്രൂരമായ കുറ്റകൃത്യങ്ങളുടെ ആഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമമായിട്ടാണ് ഇന്ത്യയിൽ എത്തിയ ഒരു യുദ്ധക്കുറ്റവാളിയാണെന്നും ഫൗണ്ടേഷന്റെ ജനറൽ ഡയറക്ടർ ദ്യാബ് അബു ജഹ്ജഹ് വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമമായ അൽജസീറയാണ് ഇയാൾ ഹിമാചലിലുണ്ടെന്ന വിവരം പുറത്തുവിട്ടത്. ഈ സാഹചര്യത്തിൽ ഇന്ത്യ അടിയന്തരമായി ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുക്കണമെന്നാണ് മനുഷ്യാവകാശ സംഘടനയുടെ ആവശ്യം.