‘ഉള്ളിലേക്ക് കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥ;എന്റെ കടയിൽ നിന്ന് 20ഓളം കിടക്കകൾ പുറത്ത് വിരിച്ചുകൊടുത്തു’; ഡൽഹി തീപിടിത്തത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ച അർമാൻ
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഫ്ളറിഷ് സ്റ്റേ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽ ഒട്ടേറെ പേരെ ജീവൻ രക്ഷിച്ച് ഹീറോയായിരിക്കുകയാണ് സമീപത്തെ കിടക്ക കടയുടമ അർമാൻ. തീപിടിത്തത്തെ കുറിച്ചുള്ള വിവരം അറിഞ്ഞ് താൻ ഹോട്ടലിനു സമീപം എത്തിയിരുവെന്നും ഹോട്ടലിന് ഉള്ളിലേക്ക് ആർക്കും കയറാനോ പുറത്തുകടക്കാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് തന്റെ കടയിൽ നിന്ന് ഇരുപതോളം കിടക്കകടകൾ പുറത്ത് വിരിച്ചു കൊണ്ട് ആളുകളെ അതിലേക്ക് ചാടിക്കുകയായിരുന്നു. അവരിൽ ഭൂരിഭാഗം പേരും സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി. അർമാന്റെ സമയോചിതമായ ഇടപെടൽ കാരണം നിരവധി പേർക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. പിടിഐ പുറത്തുവിട്ട റിപ്പോർട്ടിലാണ് അദ്ദേഹം ഈ വിവരങ്ങൾ പുറത്തുവിട്ടത്. അർമാൻ ഈ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ഈ അപകടമുണ്ടായത്. സംഭവത്തിൽ ഇതുവരെ വിദേശികളടക്കം 21 പേർ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള റെസ്‌റ്റോറന്റിൽ നിന്ന് തുടങ്ങിയ തീ മറ്റ് നിലകളിലേക്ക് അതിവേഗം പടരുകയായിരുന്നു. ഈ സമയത്ത് സമീപത്തെ ആശുപത്രികളിൽ ചികിത്സയിലുള്ള തങ്ങളുടെ ബന്ധുക്കൾക്ക് കൂട്ടിരിപ്പുകാരായി എത്തിയ മധ്യേഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശികളാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. തീ പടർന്നതോടെ പ്രദേശവാസികളും വ്യാപാരികളും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ഹോട്ടലിന് എതിർവശത്തായിരുന്നു കിടക്കകളും കട്ടിലുകളും വിൽക്കുന്ന അർമാന്റെ കട.
ഫയർഫോഴ്‌സിന്റെ എട്ട് യൂണിറ്റുകൾ കഠിനമായി പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാൽപ്പതിലധികം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തി എയിംസ്, സാകേതിലെ മാക്‌സ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെറും ആറ് മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രം അനുമതിയുള്ള ഈ കെട്ടിടത്തിൽ നിയമവിരുദ്ധമായി 25 മുറികളാണ് ഒരുക്കിയിരുന്നത്. അപകടസമയത്ത് ഇവിടെ നാൽപ്പതോളം ആളുകൾ താമസിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന് ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഉൾപ്പെടെയുള്ള യാതൊരു സുരക്ഷാ അനുമതികളും ഉണ്ടായിരുന്നില്ല. ആളുകൾക്ക് അടിയന്തിര ഘട്ടങ്ങളിൽ പുറത്തുകടക്കാൻ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ, കെട്ടിടത്തിലെ ഡിജിറ്റൽ ഡോർ ലോക്കുകൾ പ്രവർത്തനരഹിതമായത് ഉള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് ഓടിരക്ഷപ്പെടാൻ തടസ്സമായി മാറി. ഹോട്ടലിന്റെ ബേസ്‌മെന്റ് റെസ്‌റ്റോറന്റായും റൂമുകളായും പ്രവർത്തിച്ചിരുന്നു.
സംഭവത്തെ തുടർന്ന് ഹോട്ടൽ ഉടമ ലവ്‌കേഷ് ബജാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മാനേജർക്കായി തിരച്ചിൽ തുടരുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടങ്ങൾക്കെതിരെയും ഹോംസ്‌റ്റേകൾക്കെതിരെയും കർശന നടപടിയെടുക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ നിലവിലുള്ള ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് നയം റദ്ദാക്കാനും തീരുമാനിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദില്ലിയിൽ സമീപകാലത്തുണ്ടായ ഏറ്റവും ഭീകരമായ തീപിടുത്തങ്ങളിൽ ഒന്നാണിത്.