04/06/2026
[fontresizer_tawhidurrahmandear_widget]

ബിഹാറിൽ ഐസിയു വാർഡിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 5 ആയി

 ബിഹാറിൽ ഐസിയു വാർഡിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 5 ആയി

മുസഫർപൂർ: ബിഹാറിലെ സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. മുസഫർപൂറിലെ ബ്രഹ്മപുര പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രസാദ് ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള ഐസിയു വാർഡിൽ നിന്നാണ് തീ പടർന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സൂചന. അപകടസമയത്ത് ആശുപത്രിയിൽ ആകെ 24 രോഗികൾ ചികിത്സയിലുണ്ടായിരുന്നു. ഇതിൽ 13 പേർ തീപിടുത്തമുണ്ടായ ഐ.സി.യു വാർഡിലായിരുന്നു പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

തീയും കനത്ത പുകയും അതിവേഗം പടർന്നതോടെ ആശുപത്രി അധികൃതരും രോഗികളും ബന്ധുക്കളും വലിയ പരിഭ്രാന്തിയിലായി. ദുരന്തത്തിൽ മരണപ്പെട്ടവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസഫർപൂർ സ്വദേശികളായ കൃഷ്ണാനന്ദൻ പ്രസാദ് സിംഗ് (76), ഗീത ദേവി (63), ശശാങ്ക് (30) എന്നിവരും ഷിയോഹർ സ്വദേശിയായ ഉദയ് കുമാർ (57) എന്നിവരാണ് മരിച്ചത്. തീപിടുത്തത്തെക്കുറിച്ച് വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം ആരംഭിച്ചു. കനത്ത പുക നിറഞ്ഞ ഐ.സി.യു വാർഡിൽ നിന്നും ഇരുപതോളം രോഗികളെ ജനലുകൾ തല്ലിത്തകർത്ത് സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവിടെ നിന്നും രക്ഷപ്പെടുത്തിയ മറ്റ് രോഗികളെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമനസേനയ്ക്ക് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

അപകടത്തെ തുടർന്ന് മുസഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുബ്രത് കുമാർ സെൻ, സീനിയർ പോലീസ് സൂപ്രണ്ട് കാന്തേഷ് കുമാർ മിശ്ര എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ദുരന്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രാദേശിക ഭരണകൂടവും അടങ്ങുന്ന സംയുക്ത സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുക. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം അപകടത്തിന് കാരണക്കാരായവർക്കെതിരെയും വീഴ്ച വരുത്തിയവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ 4 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ഹോട്ടലിൽ തീപിടത്തമുണ്ടായി 21 പേർ മരിച്ചത്.

Also read: