‘പിണറായി സഭയിലെ നനഞ്ഞ കോഴി, അംഗീകാരമുള്ള യുവജന നേതാവില്ല; ഊന്നുവടിയിൽ നടക്കുന്നപാർട്ടിയാണ് സിപിഎം’: ജി.സുധാകരൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. പിണറായി നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നും കെഎൻ ബാലഗോപാലനു സഭയിൽ മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രിക്ക് എതിരെ പറയാൻ ഒരു സിപിഎം നേതാവിനും കഴിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ എംഎൽഎ ഓഫിസ് ഉദ്ഘാടനവേളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
‘സഭയിലെ സിപിഎം നേതാക്കളുടെ പ്രകടനം എല്ലാവരും കാണുന്നുണ്ടാകും വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയാണ് പിണറായി വിജയന്റേത്. കെ.എൻ ബാലഗോപാലനെ ഇങ്ങനെയാരെങ്കിലും മുൻപ് സഭയിൽ കണ്ടിട്ടുണ്ടോ? സഭയിൽ മിണ്ടാട്ടമില്ല അദ്ദേഹത്തിന് വി.ഡി സതീശനെതിരെ സംസാരിക്കാൻ ഒരൊറ്റ സിപിഎം എംഎൽഎമാർക്കും സാധിക്കുന്നില്ല. എഴുന്നേറ്റ് നിന്ന് പറയാൻ ആരെങ്കിലും വേണ്ടേ? തോമസ് ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ’-ജി.സുധാകരൻ പറഞ്ഞു.
ഇടത്തോട്ട് മുണ്ടുടുത്താൽ മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ലെന്ന് ഇനിയെങ്കിലും നിങ്ങൾ മനസിലാക്കണം. അതുപോലെ, വലത്തോട്ട് മുണ്ടുടുത്തെന്ന് കരുതി വലതുപക്ഷവുമാകില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിൽ അംഗീകാരമുള്ള യുവജന നേതാവില്ല. ഊന്നുവടിയിൽ നടക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും കോൺഗ്രസ് ചെളിക്കുണ്ടിലാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മതനിരപേക്ഷ പാർട്ടി ലീഗാണെന്നും അദ്ദേഹം പറഞ്ഞു.