ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് സ്വന്തമാക്കാൻ പദ്ധതിയിട്ട് ഡൊണൾഡ് ട്രംപ്; ലക്ഷ്യമെന്ത്?
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ചാഗോസ് ദ്വീപുകൾ സ്വന്തമാക്കാൻ യു.എസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമ്പോഴാണ്, ഇതിനെ മറികടക്കാൻ ബദൽ നീക്കങ്ങളുമായി വൈറ്റ് ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദ്വീപുകൾ നേരിട്ട് വാങ്ങുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപുമായി ചർച്ചകൾ നടന്നതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു.
ചാഗോസ് ദ്വീപസമൂഹത്തിലെ ഡിയാഗോ ഗാർഷ്യയിൽ അമേരിക്കയുടെ നിർണ്ണായകമായ ഒരു സൈനിക താവളമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ നാവികസേനക്ക് സജീവ സാന്നിധ്യം ഉറപ്പാക്കാൻ ഈ താവളം അത്യന്താപേക്ഷിതമാണ്. നിലവിൽ ഇറാനുമായും ചൈനയുമായും സംഘർഷാവസ്ഥയിലുള്ള അമേരിക്കക്ക് മേഖലയിലെ തങ്ങളുടെ തന്ത്രപ്രധാനമായ നീക്കങ്ങൾക്ക് ഈ താവളം വലിയ പിന്തുണയാണ് നൽകുന്നത്. ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന മൗറീഷ്യസിന് ദ്വീപിന്റെ നിയന്ത്രണം ലഭിച്ചാൽ, അത് മേഖലയിലെ അമേരിക്കൻ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ട്രംപ് ഭരണകൂടം ഭയപ്പെടുന്നു.
ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡിയാഗോ ഗാർഷ്യയിലെ സൈനിക താവളം ഇറാന്റെ നേർക്ക് ദൂരപരിധിയിലുള്ള ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ അമേരിക്കയെ സഹായിക്കുന്നുണ്ട്. എന്നാൽ, ഈ താവളം ഉപയോഗിക്കുന്നത് തടയാൻ ബ്രിട്ടൻ ശ്രമിച്ചതോടെയാണ് ട്രംപ് ഭരണകൂടം കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചത്. ബ്രിട്ടൻ്റെ ഈ തീരുമാനം ‘അങ്ങേയറ്റം വിഡ്ഢിത്തമാണ്’ എന്ന് പരസ്യമായി വിമർശിച്ച ട്രംപ്, സ്റ്റാർമർ ഭരണകൂടത്തിൻ്റെ നീക്കങ്ങൾ തടയാൻ കിണഞ്ഞു ശ്രമിക്കുകയാണ്.
ബ്രിട്ടൻ്റെ പദ്ധതി പ്രകാരം ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് ലഭിച്ച ശേഷം, സൈനിക താവളത്തിനായി 99 വർഷത്തെ പാട്ടക്കരാറിൽ മൗറീഷ്യസിന് 35 ബില്യൺ പൗണ്ട് (ഏകദേശം 46.7 ബില്യൺ ഡോളർ) നൽകേണ്ടി വരും. ഈ കരാർ നടപ്പിലായാൽ, അതിനുശേഷം മൗറീഷ്യസുമായി നേരിട്ട് ചർച്ച നടത്തി ദ്വീപുകൾ സ്വന്തമാക്കാനാണ് അമേരിക്കയുടെ നീക്കം. അതേസമയം, ജൂലൈ അവസാനം വരെ കാത്തിരിക്കാനാണ് മൗറീഷ്യസിൻ്റെ തീരുമാനം. അതിനുള്ളിൽ ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള തർക്കങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ദ്വീപിന്റെ ഭാവി തീരുമാനിക്കപ്പെടുക.