09/06/2026
[fontresizer_tawhidurrahmandear_widget]

ഹണിമൂണിന് ഭർത്താവിൻ്റെ കുടുംബവും; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

 ഹണിമൂണിന് ഭർത്താവിൻ്റെ കുടുംബവും; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മീററ്റ്: ഹണിമൂൺ യാത്രയ്ക്ക് ഭർത്താവ് സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഒപ്പം കൂട്ടിയതിനെ ചൊല്ലി വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മീററ്റ് സ്വദേശിനിയായ യുവതിയും ഡൽഹി സ്വദേശിയായ യുവാവും മാട്രിമോണിയൽ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. വിവാഹശേഷം നൈനിറ്റാളിലേക്ക് ആദ്യ ഹണിമൂൺ യാത്ര പ്ലാൻ ചെയ്‌തെങ്കിലും ഭർത്താവ് മാതാപിതാക്കളെയും സഹോദരങ്ങളെയും ഒപ്പം കൂട്ടുകയായിരുന്നു. തന്റെ വൈവാഹിക ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ പ്രതീക്ഷിച്ച വധു നിരാശപ്പെട്ടെങ്കിലും കുടുംബ കലഹം വേണ്ടെന്ന് വച്ച് യുവതി സംയമനം പാലിക്കുകയായിരുന്നു.

എന്നാൽ യാത്രയക്ക് ശേഷം ഇക്കാരണത്താൽ ദമ്പതികൾ തമ്മിൽ വലിയ വഴക്കായി. പിന്നീട് തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇരുവരും ദുബായിലേക്ക് രണ്ടാമതൊരു ഹണിമൂൺ യാത്ര ആസൂത്രണം ചെയ്തു. എന്നാൽ ഇത്തവണയും ഭർത്താവ് തന്റെ കുടുംബാംഗങ്ങൾക്കും കൂടി ദുബായിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർബന്ധം പിടിച്ചതോടെ പ്രശ്‌നങ്ങൾ പൂർണ്ണമായും വഷളായി. എല്ലാവരെയും കൂട്ടി വീണ്ടും ഹണിമൂണിന് പോകാൻ യുവതി വിസമ്മതിച്ചതോടെ തർക്കം രൂക്ഷമാവുകയും യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഒടുവിൽ പ്രശ്‌നം ലോക്കൽ പോലീസിലും തുടർന്ന് പോലീസ് ലൈനിലെ കുടുംബ കൗൺസിലിംഗ് കേന്ദ്രത്തിലും എത്തി. ഹണിമൂൺ എന്നത് ദമ്പതികൾക്ക് മാത്രമുള്ള സ്വകാര്യമായ സമയമാണെന്നും പരസ്പരം മനസ്സിലാക്കാൻ ഈ സമയം അത്യാവശ്യമാണെന്നും എപ്പോഴും ഭർതൃവീട്ടുകാർ കൂടെയുള്ളതിനാൽ തനിക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും യുവതി കൗൺസിലർമാരോട് വ്യക്തമാക്കി.

തന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് ഭർത്താവും വാദിച്ചു. കുടുംബത്തെ മുഴുവൻ സന്തോഷിപ്പിക്കാനും ഒപ്പം നിർത്താനും വേണ്ടിയാണ് താൻ അങ്ങനെ ചെയ്തത്. യാത്രകളിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൂടെക്കൂട്ടുന്നതിൽ യാതൊരു തെറ്റും കാണുന്നില്ലെന്നും യുവാവ് പറഞ്ഞു. ഈ ദമ്പതികൾക്കായി കുടുംബ കൗൺസിലിംഗ് കേന്ദ്രത്തിൽ മൂന്ന് തവണ കൗൺസിലിംഗ് സെഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. എന്നാൽ മൂന്ന് തവണയും ഇരുവരും തങ്ങളുടെ നിലപാടുകളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചുനിൽക്കുകയാണ്. കൗൺസിലർമാർ ഇവർക്ക് ചിന്തിക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടുള്ളതിനാൽ നാലാമതൊരു കൗൺസിലിംഗ് കൂടി വരും ദിവസങ്ങളിൽ നടക്കും. എന്നിട്ടും ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഈ കേസ് കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും അവസാനിപ്പിക്കുകയും ഔദ്യോഗികമായി കോടതി വഴി വിവാഹമോചന നടപടികളിലേക്ക് നീങ്ങുകയും ചെയ്യും.

Also read: