യൂറോപ്യൻ രാജ്യങ്ങളിലടക്കം ഇസ്രയേൽ വിരോധം വർധിക്കുന്നു; ഏറ്റവും കുറവ് ഇന്ത്യയിൽ- 28%
തെൽഅവീവ്: യൂറോപ്യൻ രാജ്യങ്ങളിലടക്കം ഇസ്രയേൽ വിരോധം വർധിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്റർ ലോകമെമ്പാടുമുള്ള 36 രാജ്യങ്ങളിലായി നാൽപ്പതിനായിരത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇസ്രയേൽ എന്ന രാജ്യത്തോടുള്ള ജനങ്ങളുടെ വിയോജിപ്പ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തിയത്. സമീപകാലത്തുണ്ടായ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഈ സർവേ പ്രകാരം ആഗോളതലത്തിൽ പങ്കെടുത്തവരിൽ ശരാശരി 67 ശതമാനം ആളുകളും ഇസ്രയേലിനെതിരെയാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ ഈ സർവേയിൽ പങ്കെടുത്ത പ്രമുഖ രാജ്യങ്ങളിൽ ഇസ്രയേലിനോടുള്ള വിരോധം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ജനങ്ങളിൽ വെറും 28 ശതമാനം ആളുകൾ മാത്രമാണ് ഇസ്രയേൽ വിരുദ്ധ മനോഭാവം വെച്ചുപുലർത്തുന്നത്.
അതേസമയം പരമ്പരാഗതമായി ഇസ്രയേലിനോട് അനുകൂല നിലപാട് പുലർത്താറുള്ള യൂറോപ്യൻ രാജ്യങ്ങളിലെ ഭൂരിപക്ഷവും ഇപ്പോൾ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സ്‌പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ 78 ശതമാനം വീതവും നെതർലാൻഡ്‌സിൽ 76 ശതമാനവും ഇറ്റലിയിൽ 75 ശതമാനവും ജർമ്മനിയിൽ 73 ശതമാനവും ആളുകൾ ഇസ്രയേലിനോട് കടുത്ത വിരോധം രേഖപ്പെടുത്തി. ഇവിടങ്ങളിലെ പകുതിയിലധികം പേരും ഇസ്രയേലിനോട് തീവ്രമായ വിയോജിപ്പുള്ളവരാണ്. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യുഎസിൽ 60 ശതമാനം ആളുകളും ഇസ്രയേലിനെതിരെയാണ് വോട്ട് ചെയ്തത്. പാകിസ്താനിൽ 95 ശതമാനവും തുർക്കിയിൽ 97 ശതമാനവും ആളുകൾ ഇസ്രയേലിനെ ശക്തമായി എതിർക്കുന്നു. ആഗോളതലത്തിൽ ജനങ്ങൾക്കിടയിൽ ഇസ്രയേൽ വിരുദ്ധ വികാരം അതിന്റെ പരകോടിയിലാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടുള്ള ആഗോള വിശ്വാസ്യത വൻതോതിൽ ഇടിഞ്ഞതായും ഈ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.