13/06/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് ആരുമില്ല, ഞാൻ ഒറ്റയ്ക്കാണ്’; ഡൽഹിയിൽ ആരും വാങ്ങാനില്ലാതെ പേനയുമായി നിന്ന വൃദ്ധയ്ക്ക് കയ്യിലെ പണം മുഴുവൻ നൽകി അമേരിക്കൻ യുവാവ്

 ‘എനിക്ക് ആരുമില്ല, ഞാൻ ഒറ്റയ്ക്കാണ്’; ഡൽഹിയിൽ ആരും വാങ്ങാനില്ലാതെ പേനയുമായി നിന്ന വൃദ്ധയ്ക്ക് കയ്യിലെ പണം മുഴുവൻ നൽകി അമേരിക്കൻ യുവാവ്

മറ്റുള്ള മനുഷ്യരുടെ മുഖത്ത് ഒരു പുഞ്ചിരി വിടരാൻ കാരണമാവുക, അവരുടെ സന്തോഷത്തിന് വഴിയൊരുക്കുക എന്നത് വലിയൊരു കാര്യമാണ്. അത്തരത്തിൽ മനുഷ്യത്വം തുളുമ്പുന്നതും മനസ്സ് നിറയ്ക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ തെരുവിൽ പേന വിൽക്കുന്ന ഒരു വൃദ്ധയ്ക്ക് അമേരിക്കൻ വ്ലോഗറായ സ്റ്റീവ് യാലോ സന്തോഷം നൽകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സ്റ്റീവ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തെരുവിൽ ആരും വാങ്ങാനില്ലാതെ പേന വിൽക്കാൻ ശ്രമിക്കുന്ന വൃദ്ധയുടെ അരികിലേക്ക് സ്റ്റീവ് നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കം. ‘ഈ അമ്മ ഇവിടെ പേന വിൽക്കാൻ ശ്രമിക്കുകയാണ്, എന്നാൽ ആരും വാങ്ങുന്നില്ല’ എന്ന് സ്റ്റീവ് വിഡിയോയിൽ പറയുന്നുണ്ട്. പിന്നാലെ ഇവരുടെ അരികിലെത്തി, ‘ഹലോ, സുഖമാണോ? നിങ്ങൾക്ക് വളരെ മനോഹരമായ ഒരു പുഞ്ചിരിയുണ്ട്. നിങ്ങൾ പേന വിൽക്കുകയാണല്ലേ, എത്രയാണ് ഇതിന്റെ വില’ എന്ന് സ്റ്റീവ് ചോദിക്കുന്നു. ഒരു പേനയ്ക്ക് 50 രൂപയാണ് വിലയെന്ന് അവർ മറുപടി നൽകുന്നു.

‘ഒരു പേനയ്ക്ക് 50 രൂപയോ? ശരി, അമ്മയുടെ പേരെന്താണ്? ഇംഗ്ലീഷ് അറിയില്ലേ? സാരമില്ല’ എന്ന് പറഞ്ഞ് യുവാവ് അവരിൽ നിന്ന് രണ്ട് പേനകൾ വാങ്ങുന്നു. തുടർന്ന് നന്ദി പറഞ്ഞ ശേഷം ഒരു 100 രൂപ കൂടി നൽകി രണ്ട് പേനകൾ കൂടി താൻ വാങ്ങുകയാണെന്ന് സ്റ്റീവ് പറയുന്നുണ്ട്. സംഭാഷണത്തിനിടയിൽ ‘എനിക്ക് ആരുമില്ല, ഞാൻ ഒറ്റയ്ക്കാണ്’ എന്ന് അവർ ഹിന്ദിയിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് ഹിന്ദി അറിയാത്തതുകൊണ്ട് അവർ പറയുന്നത് പൂർണ്ണമായി മനസ്സിലാകുന്നില്ലെന്ന് സ്റ്റീവ് വ്യക്തമാക്കുന്നുണ്ട്.

അവസാനം അവരുടെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ സ്റ്റീവ് അവരുടെ കയ്യിലുള്ള മുഴുവൻ പേനകളും വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ പേനകൾ എണ്ണി നോക്കിയപ്പോൾ ആകെ 18 എണ്ണം ഉണ്ടായിരുന്നു. അത്രയും പേനകൾ വാങ്ങാനുള്ള 900 രൂപ കാശായി തന്റെ കയ്യിലില്ലെന്ന് സ്റ്റീവ് പറയുന്നു. ഒടുവിൽ തന്റെ കയ്യിലുണ്ടായിരുന്ന 550 രൂപ മുഴുവൻ അവർക്ക് നൽകി, രണ്ട് പേനകൾ കൂടി വാങ്ങിയിട്ടാണ് സ്റ്റീവ് അവിടെനിന്നും മടങ്ങുന്നത്. ഈ പേനകൾ എല്ലാം വേഗത്തിൽ വിറ്റുതീരട്ടെ എന്നും നിങ്ങൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നുവെന്നും പറഞ്ഞാണ് വ്ലോഗർ യാത്രയാകുന്നത്.

വളരെ വൈകാരികമായ ഒരു വീഡിയോ എന്നാണ് ദൃശ്യങ്ങൾ കണ്ട പലരും പ്രതികരിക്കുന്നത്. ഇത്തരം ചെറിയ നല്ല പ്രവൃത്തികൾ മനുഷ്യത്വത്തിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നവയാണ് എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

Also read: