21/06/2026
[fontresizer_tawhidurrahmandear_widget]

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങൾക്കിടയിൽ അത് മറ്റൊരു ബോധം സൃഷ്ടിച്ചു’ -പി. രാജീവ്

 ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങൾക്കിടയിൽ അത് മറ്റൊരു ബോധം സൃഷ്ടിച്ചു’ -പി. രാജീവ്

പി. രാജീവ്

തിരുവനന്തപുരം: ‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായതായി മുൻമന്ത്രി പി. രാജീവ് വെളിപ്പെടുത്തി. ഈ മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച‌ പറ്റി. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നുവെന്നും പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോടുള്ള ജനങ്ങളുടെ എതിർപ്പും ഭരണവിരുദ്ധ വികാരവുമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന് വ്യക്തമാക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് പുറത്തുവന്നു. ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്‌ച, സ്ഥാനാർഥി നിർണയത്തിലെ പാളിച്ച എന്നിവയും തോൽവിക്ക് മുഖ്യപങ്ക് വഹിച്ചുവെന്ന് താഴേത്തട്ടിലെ ചർച്ചകൾ വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രതികരണം നടത്തിയ നേതാവ് കെ.ആർ. ചന്ദ്രമോഹനെ ശാസിക്കാനും മറ്റന്നാൾ ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ ഇതിൽ അന്തിമ തീരുമാനമെടുക്കാനും ധാരണയായിട്ടുണ്ട്.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വീഴ്‌ചപറ്റിയെന്നുമാണ് സി.പി.എം സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. പയ്യന്നൂരിൽ പാർട്ടിക്കകത്തെ വിഭാഗീയത വോട്ടു ചോർച്ചക്ക് കാരണമായി. കണ്ണൂർ, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിൽ മുൻ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും യു.ഡി.എഫ് ബാനറിൽ മത്സരിച്ചത് പാർട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാൻ ഇടയാക്കി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തിയെന്നും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.

മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ വന്ന വിമർശനങ്ങൾ അതേപോലെ അവതരിപ്പിക്കാനാണ് ഒരുവിഭാഗം പ്രവർത്തകർ പരിശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽവെച്ച് ചർച്ചയിൽ പങ്കെടുത്ത ചിലരുമുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിലും ഉപജീവന മാർഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനങ്ങളെ മുന്നണിയിൽനിന്ന് അകറ്റാനിടയാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

Also read: