‘2,500-ലധികം സംഘടനകൾ വഴി ആർ.എസ്.എസിന് വൻതോതിൽ പണം എത്തുന്നു; രാജ്യത്തെ നിയമം അനുസരിക്കണം’; കടുപ്പിച്ച് പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ.എസ്.എസ്) നിയമപരമായ പദവിയും സാമ്പത്തിക സ്രോതസുകളും വെളിപ്പെടുത്തണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രതികരണങ്ങൾ അപൂർണവും യുക്തിരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരം വെടിഞ്ഞ് രാജ്യത്തെ നിയമം അനുസരിക്കാൻ സംഘടന തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.എസ് രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദത്തെ ന്യായീകരിക്കാൻ ഹിന്ദുമതം പോലും രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് മോഹൻ ഭാഗവത് വാദിച്ചിരുന്നു. മുൻപ് നടത്തിയ പ്രസ്താവനയുടെ പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക് ഖാർഗെയുടെ വിമർശനം. താൻ അയച്ച കത്തിന് മറുപടിയായാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത് എന്ന വാദങ്ങളെ അദ്ദേഹം പൂർണമായും തള്ളി. താൻ ഔദ്യോഗികമായി ആർ.എസ്.എസ് നേതൃത്വത്തിന് കത്തയച്ചത് 2026 ജൂൺ 13-നാണ്. അതിനാൽ മുൻപ് ചിത്രീകരിച്ച വീഡിയോ വഴി ആർ.എസ്.എസ് മേധാവി തന്റെ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങൾ വെറുമൊരു സാംസ്‌കാരിക സംഘടന മാത്രമാണെന്ന ആർ.എസ്.എസിന്റെ അവകാശവാദത്തെയും പ്രിയങ്ക് ഖാർഗെ ശക്തമായി തള്ളിക്കളഞ്ഞു. ”ആർ.എസ്.എസിന് സാംസ്‌കാരിക സംഘടനയായി പ്രവർത്തിക്കാൻ എല്ലാ അവകാശവുമുണ്ട്. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്നാൽ, ഒരേസമയം രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ വൻതോതിൽ സ്വാധീനം ചെലുത്തുകയും, അതേസമയം തങ്ങൾക്ക് രാഷ്ട്രീയ അജണ്ടകളൊന്നുമില്ലെന്ന് ആവർത്തിച്ച് പൊതു മറുപടി പറയുന്നതിൽനിന്ന് ഒഴിഞ്ഞൗമാറുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. ബിജെപി പോലും ആർ.എസ്.എസിനെ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ മാതൃസംഘടനയായിട്ടാണ് കാണുന്നത്. പൊതുജീവിതത്തിൽ അവർക്കുള്ള സ്വാധീനം ആർക്കും നിഷേധിക്കാനാകില്ല.”- പ്രിയങ്ക് ഖാർഗെ പറഞ്ഞു.
നികുതിപ്പണവും വിപുലമായ ശൃംഖലയും
ആർ.എസ്.എസിന്റെ വ്യാപ്തിയെക്കുറിച്ച് കത്തിൽ ഖാർഗെ ചില സുപ്രധാന പ്രശ്‌നങ്ങളും ഉന്നയിച്ചു. ഒന്നാമതായി സംഘ്പരിവാറിന്റെ വലിയ സാമ്പത്തിക സ്രോതസാണ്. ഇന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 2,500-ലധികം പോഷക സംഘടനകളുടെ വിപുലമായ ഒരു ശൃംഖല വഴി ആർ.എസ്.എസിന് വൻതോതിൽ സംഭാവനകൾ ലഭിക്കുന്നുണ്ട്. ഇതിനു പുറമെ ദേശീയ തലസ്ഥാനത്തും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും സംഘടനയ്ക്ക് വലിയ ഓഫീസുകളും ആസ്ഥാനങ്ങളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ.എസ്.എസ് മേധാവിക്ക് രാജ്യത്ത് അത്യാധുനികമായ വിപുലമായ സുരക്ഷാ പ്രോട്ടോക്കോൾ ലഭ്യമാണ്. സംഘടനയിലെ മറ്റ് പല പ്രമുഖർക്കും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് സുരക്ഷയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ”മറ്റെല്ലാ പൗരന്മാരിൽനിന്നും സംഘടനകളിൽനിന്നും പ്രതീക്ഷിക്കുന്ന അതേ നിയമപരമായ മാനദണ്ഡങ്ങൾ ഈ സംഘടനയും പാലിക്കുന്നുണ്ടോ എന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. നിയമപരമായ ഒരു ഔദ്യോഗിക അംഗീകാരം വഴി മാത്രമേ ഈ വൈരുദ്ധ്യം എന്നെന്നേക്കുമായി പരിഹരിക്കാൻ സാധിക്കൂ,” ഖാർഗെ വ്യക്തമാക്കി.
‘ഹിന്ദുമതവുമായി താരതമ്യം ചെയ്യുന്നത് യുക്തിരഹിതം’
ആർ.എസ്.എസ് സ്‌കൂളുകളോ തിങ്ക് ടാങ്കുകളോ സാമൂഹിക സേവന സംഘടനകളോ നടത്തുന്നതിനെ താൻ എതിർക്കുന്നില്ലെന്നും ഭരണഘടനാപരമായ സുതാര്യത മാത്രമാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയ ഖാർഗെ, ഭാഗവതിന്റെ വാദങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. ”ഒരു മതം രജിസ്റ്റർ ചെയ്യാൻ കഴിയില്ല. അതിനാൽ ആർ.എസ്.എസും രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന വാദം തികച്ചും തെറ്റായതും യുക്തിരഹിതവുമാണ്. കേവലം 100 വർഷത്തെ മാത്രം ചരിത്രമുള്ള ആർ.എസ്.എസിന് ഒരിക്കലും ഒരു മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയില്ല.”-അദ്ദേഹം വിമർശിച്ചു.
തങ്ങൾ ആരോടും ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരല്ലെന്ന ഭാഗവതിന്റെ പ്രസ്താവന ആശങ്കാജനകമാണ്. പൊതു മറുപടി എന്നത് ഒരു ഐച്ഛികമായ കാര്യമാണെന്നും തങ്ങൾ നിയമപരമായ പരിശോധനകൾക്ക് മുകളിലാണെന്നുമുള്ള ചിന്താഗതിയാണ് ഇത് കാണിക്കുന്നത്. ഒരു ഭരണഘടനാ ജനാധിപത്യത്തിൽ, എത്ര പഴക്കമുള്ളതോ സ്വാധീനമുള്ളതോ ആയ സംഘടനയായാലും അത്തരം ഒരു ആനുകൂല്യവും ആർക്കും ലഭിക്കില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.