ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ; യുഎസുമായുള്ള കരാർ പ്രകാരം സ്വതന്ത്രമായി എണ്ണ വിൽക്കാൻ കഴിയുമെന്ന് റിപ്പോർട്ട്
ദുബൈ : മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി താൽക്കാലിക കരാറിൽ ഒപ്പുവെക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചോർന്ന ഇടക്കാല കരാറിന്റെ പകർപ്പുകൾ പ്രകാരം, യുഎസുമായുള്ള ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ ഉടൻ നടപടികൾ സ്വീകരിക്കും. ഇതോടെ ഇറാന് നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി എണ്ണ വിൽക്കാൻ സാധിക്കും. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ നടക്കുന്ന ചടങ്ങിൽ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് വിവരം.
യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമാണത്തിനായി അമേരിക്ക കുറഞ്ഞത് 300 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് കരാറിലുണ്ട്. ഗൾഫ് അറബ് രാജ്യങ്ങൾ വഴി നിക്ഷേപമായി ഈ തുക നൽകുമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വ്യക്തമാക്കിയത്. ഇറാന്റെ ആണവ പദ്ധതിയെ അഭിസംബോധന ചെയ്യുന്ന അന്തിമ കരാറിലെത്തിയാൽ തെഹ്‌റാനെതിരെയുള്ള എല്ലാ അമേരിക്കൻ, യുഎൻ ഉപരോധങ്ങളും പിൻവലിക്കാൻ നടപടിയുണ്ടാകും. മരവിപ്പിച്ച ആസ്തികൾ വിട്ടയയ്ക്കുന്നതും ഭാവി ചർച്ചകളുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും.
അതേസമയം, പുതിയ ഉടമ്പടി വാഷിങ്ടണിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയേക്കും. ഫെബ്രുവരി 28-ന് ഇറാന്റെ മേൽ യുദ്ധം ആരംഭിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഇത് വലിയ തിരിച്ചടിയാണ്. ലെബനനിൽ ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം ഉടനടി അവസാനിപ്പിക്കാനും കരാർ ആവശ്യപ്പെടുന്നുണ്ട്.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇറാന്റെ ആണവ പദ്ധതികൾ പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുപക്ഷവും 60 ദിവസത്തെ ചർച്ചകൾ ആരംഭിക്കും. തങ്ങൾ അണുബോംബ് നിർമ്മിക്കില്ലെന്ന് ഇറാൻ കരാറിൽ ആവർത്തിക്കുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള തീരുമാനം. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും നടന്നിരുന്നത് ഈ വഴിയിലായിരുന്നു. കടലിടുക്ക് അടഞ്ഞതോടെ ആഗോളതലത്തിൽ ഇന്ധനവിലയും ഭക്ഷണസാധനങ്ങളുടെ വിലയും കുതിച്ചുയർന്നിരുന്നു. കരാർ പ്രകാരം 30 ദിവസത്തിനുള്ളിൽ കടലിടുക്കിലെ ഗതാഗതം യുദ്ധത്തിനുമുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ അറേബ്യ, ബ്ലൂംബെർഗ് എന്നീ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വിവരങ്ങൾ കരാറിന്റെ അന്തിമ രൂപവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് മിഡിൽ ഈസ്റ്റിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.