18/06/2026
[fontresizer_tawhidurrahmandear_widget]

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; രാമരാജ്യം ഇങ്ങനെയെന്ന് ബിജെപി

 തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; രാമരാജ്യം ഇങ്ങനെയെന്ന് ബിജെപി

കൊൽക്കത്ത: അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാൻ ഉൾപ്പെടെയുള്ളവരെ വിലങ്ങണിയിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവിലൂടെ നടത്തിച്ച പോലീസിന്റെ നടപടി വിവാദമാകുന്നു. ഫാൽത്തയിലെ റോഡിലൂടെയാണ് അരയിൽ കയർ കെട്ടിയ നിലയിൽ നേതാക്കളെ പോലീസ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കൽക്കട്ട ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.

പ്രതികളെ ബോധപൂർവം പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കരുതെന്ന് നിർദേശിച്ച കോടതി, നടപടിയുടെ സാഹചര്യവും നിയമവശവും ആരാഞ്ഞു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി മുൻപുണ്ടായ സംഭവങ്ങൾ പുനരാവിഷ്‌കരിക്കാനാണ് ഇവരെ തെരുവിലിറക്കിയതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, ഈ നടപടിക്ക് നിയമസാധുതയില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ പ്രതികരിച്ചിട്ടുണ്ട്.

ജഹാംഗീർ ഖാനൊപ്പം ആകാശ് സിങ്, അഭിജിത് റോയ്, ഗുദ്ദു അൻസാരി തുടങ്ങി ആറുപേരെയാണ് പോലീസ് ഇത്തരത്തിൽ നടത്തിയത്. ഇതിൽ ഒരു നേതാവ് കൈ ചെവിയിൽവെച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തൃണമൂൽ അണികളും ജഹാംഗീറിന്റെ ഭാര്യയും പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.

നടപടി മനുഷ്യാവകാശ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ടിഎംസി നേതാവ് കല്ല്യാൺ ബാനർജി വ്യക്തമാക്കി. എന്നാൽ, “ഇതാണ് രാമരാജ്യം” എന്നായിരുന്നു ബിജെപി എംഎൽഎ ഉമേഷ് റായിയുടെ പ്രതികരണം. മുൻപ് ഇതേ തെരുവിലൂടെ ബൈക്കിൽ പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയവർ ഇന്ന് അരയിൽ കയറുമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: