19/06/2026
[fontresizer_tawhidurrahmandear_widget]

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്, ജെൻസികൾക്കായി 50 കോടി, കേരളത്തെ തുറമുഖ നഗരമാക്കും; സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ

 എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്, ജെൻസികൾക്കായി 50 കോടി, കേരളത്തെ തുറമുഖ നഗരമാക്കും; സ്വപ്നപദ്ധതികൾ പ്രഖ്യാപിച്ച് സതീശൻ

തിരുവനന്തപുരം: കേരള ബജറ്റ് 2026ൽ സ്വപ്‌ന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റിൽ കേരളത്തെ രാജ്യത്തെ പ്രമുഖ പോർട്ട് സിറ്റിയാക്കി മാറ്റാൻ വൻ പ്രഖ്യാപനങ്ങൾ. ഇതിനായി വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കും. 600 കിലോമീറ്റർ തീരദേശത്തെയും തുറമുഖങ്ങളെയും സംയോജിപ്പിച്ച് മാരിടൈം സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്കായി 400 കോടി രൂപ നീക്കിവെച്ചു. ഇതിനൊപ്പം കേരളത്തിന്റെ സമുദ്ര പാരമ്പര്യം സംരക്ഷിക്കാൻ 50 കോടി രൂപ ചെലവിൽ ഒരു മാരിടൈം മ്യൂസിയവും സ്ഥാപിക്കും.

മാരകമായ രോഗങ്ങൾ ബാധിച്ച നിർധനർക്കും സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്കും സമയബന്ധിതമായി നേരിട്ട് ചികിത്സാസാമ്പത്തിക സഹായങ്ങൾ എത്തിക്കുന്നതിനായി സാങ്കേതികവിദ്യാ അധിഷ്ഠിതമായ ‘വൺ കേരള കരുതൽ മിഷൻ’ രൂപീകരിക്കും. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും പൂർണ്ണമായും കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന ഈ പദ്ധതിയുടെ ഭരണപരമായ ചെലവുകൾ സർക്കാർ വഹിക്കും. ഇതിന്റെ സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ മാറ്റിവെച്ചു.

വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോകുന്ന പ്രവണത തടഞ്ഞ് അവർക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ ഒരുക്കുന്നതിനായി ‘കേരള നോളജ് വാലി’ പദ്ധതി പ്രഖ്യാപിച്ചു. അത്യാധുനിക ഗവേഷണ പാർക്കുകളും മികവിന്റെ കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന ഈ അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ ഹബ്ബിന്റെ രൂപീകരണത്തിനായി 100 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്നും വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ പ്രധാന ഇൻഫ്രാസ്ട്രക്ചർ ധനസമാഹരണ മാർഗമായ കിഫ്ബിയുടെ നിലവിലെ പ്രവർത്തനരീതിയും ഘടനയും പൂർണ്ണമായും പരിഷ്‌കരിക്കാൻ നടപടി സ്വീകരിക്കും. മുൻകാലങ്ങളിലെ കടമെടുപ്പ് പരിധിയും പദ്ധതി നടത്തിപ്പിലെ സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച പ്രതിസന്ധികൾ പഠിക്കാനും കൂടുതൽ സുതാര്യമായ രീതിയിൽ കിഫ്ബിയെ ‘പൊളിച്ചുപണിയാനും’ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും.

കായികരംഗത്തിന് വലിയ ഊന്നൽ നൽകുന്ന ബജറ്റിൽ മലബാറിലെ ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആധുനിക സജ്ജീകരണങ്ങളോടെ പുതിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം മലബാറിൽ നിർമിക്കും. ഈ പദ്ധതിക്കായി 50 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്.

ചലച്ചിത്ര മേഖലയ്ക്ക് വലിയ പ്രോത്സാഹനമേകി കൊച്ചിയിൽ ‘ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി’ സ്ഥാപിക്കും. ഇതോടൊപ്പം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയും കൊച്ചിയിൽ ഒരുക്കും. സാംസ്‌കാരിക രംഗത്തെ ആദരവെന്നോണം കോഴിക്കോട്ട് സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സ്മാരകമായി ഒരു കൾച്ചറൽ പാർക്കും തൃശൂരിൽ പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമിയും സ്ഥാപിക്കും.

ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതി’ നടപ്പിലാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി പ്രാഥമികമായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരളത്തിന്റെ തനത് വിഭവങ്ങളെയും പാചക പാരമ്പര്യത്തെയും അന്താരാഷ്ട്ര തലത്തിൽ ഉയർത്താൻ ഒരു ‘കേരള പാചകകല ഇൻസ്റ്റിറ്റിയൂട്ട്’ സ്ഥാപിക്കും. പ്രവാസികളുടെ നിക്ഷേപങ്ങൾ കൃത്യമായി വിനിയോഗിക്കുന്നതിനും അവർക്ക് സുരക്ഷിത വരുമാനം നൽകുന്നതിനുമായി ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്’ രൂപീകരിക്കും. നഗരങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചു.

ജെൻസികൾക്കായി ‘പൂക്കി സർക്കാർ’ എന്ന സവിശേഷമായ കാമ്പയിനും ജെൻസി ആൻഡ് ന്യൂ ജെൻ ടെക്‌നോളജി വികസനത്തിനുമായി 50 കോടി രൂപ വകയിരുത്തി. കൂടാതെ സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന ‘പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി’ക്കായി ബജറ്റിൽ 600 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ സുരക്ഷയൊരുക്കി, മോശം കാലാവസ്ഥയോ മറ്റ് തടസങ്ങളോ കാരണം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ അവർക്ക് സർക്കാർ വേതനം നൽകുന്ന പദ്ധതി നടപ്പിലാക്കും. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതിയും, നിലവിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം വിതരണം ചെയ്യാനുള്ള അടിയന്തര നടപടികളും സ്വീകരിക്കും.

അപകട ഇൻഷുറൻസ് തുക കാലോചിതമായി പരിഷ്‌കരിക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി വർധിപ്പിച്ചതായും ബജറ്റിൽ വ്യക്തമാക്കുന്നു. കൂടാതെ, വൻ ദുരന്തം വിതച്ച കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയുടെ പുനരധിവാസത്തിനായി 5 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വർഷങ്ങളായി ദുരിതമനുഭവിക്കുന്ന എൻഡോസൾഫാൻ ഇരകളെ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്നും അവർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും ഉറപ്പുനൽകി.

സംസ്ഥാനത്തെ ഉൽപ്പാദന മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വ്യവസായ മേഖലയ്ക്കായി 1115.48 കോടി രൂപയും ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2138.80 കോടി രൂപയും മാറ്റിവെച്ചു. കോഴിക്കോട് സൈബർ പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങളും നിലവാരവും കൊച്ചി ഇൻഫോ പാർക്ക്, തിരുവനന്തപുരം ടെക്‌നോപാർക്ക് എന്നിവയുടെ മാതൃകയിലേക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തും. വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണത്തിനായി 243.80 കോടി രൂപ അനുവദിച്ചു. ഇതിനൊപ്പം ജനവാസ മേഖലകളിൽ വന്യജീവി ശല്യം കുറയ്ക്കുന്നതിനായി കടുവ, പുലി എന്നിവയുടെ കൃത്യമായ സെൻസസ് നടത്തി അവയെ മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും.

ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തുടച്ചുനീക്കുന്നതിനായി കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ‘സിദ്ധാർഥൻ ആന്റി റാഗിങ് ആക്ട്’ കൊണ്ടുവരും. എല്ലാ പ്രധാന സർവകലാശാലകളിലും സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് പ്രത്യേക പരിഗണന നൽകും. വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ‘സെമസ്റ്റർ ഇൻ കേരള’ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ക്യാമ്പസുകളും പെൺകുട്ടികൾക്ക് പൂർണ്ണ സുരക്ഷിതത്വമുള്ള ‘ഗേൾസ് ഫ്രണ്ട്‌ലി’ ആക്കി മാറ്റുന്നതിനൊപ്പം എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകളുടെ ലഭ്യത ഉറപ്പാക്കും.

ആരോഗ്യമേഖലയ്ക്ക് വൻ ഊന്നൽ നൽകിക്കൊണ്ട് മഞ്ചേരി, കാസർകോട്, വയനാട്, ഇടുക്കി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും. കൂടാതെ തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചു. അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ‘ഗോൾഡൻ ഹവർ പ്രോജക്ട്’ നടപ്പിലാക്കും. കൂടാതെ ലൈഫ് സ്‌റ്റൈൽ രോഗങ്ങൾ തടയുന്നതിനായി 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന നിർബന്ധമാക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ‘മകൾക്കൊപ്പം’ എന്ന പുതിയ പദ്ധതി ആരംഭിക്കും.

പ്രാദേശിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ സർക്കാർ കോളേജിന് സ്വന്തമായി കെട്ടിടം നിർമിക്കും. കോഴിക്കോട് എയർപോർട്ടിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ദേശീയപാതയിലെ കോഹിനൂരിൽ നിന്ന് എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള പദ്ധതി പഠനത്തിനായി 1 കോടി രൂപ അനുവദിച്ചു. സാംസ്‌കാരിക രംഗത്ത് പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനാലേ സംഘടിപ്പിക്കും. ഇതോടൊപ്പം പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് 3 കോടി രൂപ വകയിരുത്തി. പ്രശസ്ത നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം പണിയാൻ 1 കോടി രൂപയും ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മേനോൻ സ്മാരകവും നിർമിക്കും. ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയും അനുബന്ധ സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കും. തൃത്താലയിൽ കെ.ആർ നാരായണൻ സിവിൽ സർവീസ് അക്കാഡമിയും മലപ്പുറത്ത് അത്യാധുനിക കാൻസർ സെന്ററും സ്ഥാപിക്കും. ഇതിനുപുറമേ മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്‌പെഷാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തും.

ഗതാഗത മേഖലയ്ക്ക് ആശ്വാസമേകി െ്രെപവറ്റ് ബസുകളുടെ െ്രെതമാസ നികുതിയിൽ 50 ശതമാനം ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചു. ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി വെട്ടിക്കുറച്ചു. കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ ക്ഷേത്രങ്ങളെ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിനൊപ്പം ഈ ക്ഷേത്രങ്ങളെ പ്രശസ്തമായ തിരുപ്പതി മോഡലിൽ അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിക്കുമെന്നും യു.ഡി.എഫ് ബജറ്റ് വ്യക്തമാക്കുന്നു.

Also read: