‘വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടേത്; സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല, ലക്ഷ്യം സ്വന്തം നേട്ടങ്ങൾ മാത്രം’: വി.എം സുധീരൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടെ രീതിയിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായി തനിക്ക് യാതൊരു വിരോധവുമില്ലെന്നും, സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വെള്ളാപ്പള്ളി സ്വന്തം നേട്ടങ്ങൾക്കും ധനശേഖരണത്തിനുമായാണ് പ്രവർത്തിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പ്രധാന പരാജയകാരണം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ്.
ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനോട് വെള്ളാപ്പള്ളി കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണ്. മഹേശന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തിയാൽ വെള്ളാപ്പള്ളിയുടെ സ്ഥാനം എവിടെയാകുമെന്ന് പറയാനാകില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് തവണ കത്ത് നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും, കേസ് തേച്ചുമാച്ചുകളയാനാണ് ശ്രമിച്ചതെന്നും വി.എം സുധീരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു