‘കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ല; ശ്രീരാമ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്’-രാമക്ഷേത്ര സംഭാവനാ തട്ടിപ്പിൽ യോഗി ആദിത്യനാഥ്
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും വഴിപാട് പണവും തട്ടിയെടുത്തെന്ന വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിലൂടെ സത്യം പൂർണമായും പുറത്തുവരുമെന്നും അഴിമതി നടത്തിയവർ ആരായാലും അവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും യോഗി വ്യക്തമാക്കി. അയോധ്യയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ആവശ്യപ്രകാരമാണ് സർക്കാർ മൂന്നംഗ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ യോഗി ആദിത്യനാഥ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
”രാമക്ഷേത്രത്തിന് വേണ്ടി നമ്മൾ 500 വർഷത്തോളമാണ് കാത്തിരുന്നത്. അതുകൊണ്ട് ഈ അന്വേഷണത്തിന്റെ കാര്യത്തിൽ ഇനി ഒരു 15 ദിവസം കൂടി എല്ലാവരും ക്ഷമയോടെ കാത്തിരിക്കണം. എസ്.ഐ.ടി അന്വേഷണം വഴി കാര്യങ്ങൾ പാൽ ഏത് വെള്ളമേത് എന്ന് വേർതിരിച്ചറിയുന്നത് പോലെ വ്യക്തമാകും. അതുവരെ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സ്വഭാവഹത്യകളും അനാവശ്യ പ്രസ്താവനകളും എല്ലാവരും ഒഴിവാക്കണം. ആരുടെയെങ്കിലും പക്കൽ കൃത്യമായ രേഖകളോ തെളിവുകളോ ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പാതെ നേരിട്ട് എസ്.ഐ.ടിക്ക് കൈമാറുകയാണ് വേണ്ടത്.”- യോഗി ആദിത്യനാഥ് പറഞ്ഞു.
അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് ലഭിക്കുമെന്നും 15 ദിവസത്തിനകം തട്ടിപ്പിന്റെ പൂർണരൂപം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ഉയർത്തിക്കാട്ടി രംഗത്തുവന്ന കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കുമെതിരെ യോഗി ആദിത്യനാഥ് പഴയ ചരിത്രം ഓർമിപ്പിച്ച് തിരിച്ചടിച്ചു. വർഷങ്ങളോളം രാമക്ഷേത്ര നിർമാണത്തെ എതിർക്കുകയും ശ്രീരാമന്റെ നിലനിൽപ്പിനെ വരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി ചോദ്യം ചെയ്യുകയും ചെയ്ത കോൺഗ്രസാണ് ഇപ്പോൾ ഭക്തരുടെ കാവൽക്കാരായി ചമയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ‘ജയ് ശ്രീറാം’ വിളിച്ചതിന്റെ പേരിൽ മുൻപ് അയോധ്യയിൽ ഭക്തർക്കും കാർസേവകർക്കും നേരെ വെടിയുതിർക്കാനും ലാത്തിച്ചാർജ് നടത്താനും ഉത്തരവിട്ടവരാണ് സമാജ്വാദി പാർട്ടി നേതാക്കൾ. അവർക്കിപ്പോൾ ഭക്തരോട് പെട്ടെന്ന് സ്‌നേഹം ഉദിച്ചത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് യോഗി കുറ്റപ്പെടുത്തി.
ഭക്തർ നൽകിയ സ്വർണവും വെള്ളിയും കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണവും ട്രസ്റ്റ് ജീവനക്കാർ തന്നെ തട്ടിയെടുത്തെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് ജൂൺ 14-ന് സർക്കാർ എസ്.ഐ.ടി രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഐ.ജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ ക്ഷേത്ര സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാണിക്ക എണ്ണുന്ന രീതികൾ എന്നിവയെല്ലാം സംഘം വിശദമായി പരിശോധിച്ചു വരികയാണ്.