22/07/2026
[fontresizer_tawhidurrahmandear_widget]

‘ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ല’; അനിശ്ചിതകാല നിരാഹാരവുമായി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

 ‘ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ല’; അനിശ്ചിതകാല നിരാഹാരവുമായി സോനം വാങ്ചുക്ക്; പ്രതിഷേധം ശക്തമാക്കി സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തിറിൽ നടത്തിവരുന്ന പ്രതിഷേധം ശക്തമായ നിരാഹാര സമരത്തിലേക്ക് കടന്നു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ഉൾപ്പെടെയുള്ളവരാണ് ഡൽഹിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഡൽഹിയിലെ രാജ്ഘട്ടിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർഥനയും നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലേക്ക് എത്തിയത്. നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ അടക്കമുള്ളവരും സോനം വാങ്ചുക്കിനൊപ്പം രാജ്ഘട്ടിലെ ചടങ്ങുകളിൽ പങ്കെടുത്തു.

ഹരിയാനയിൽ നിന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ കർഷക നേതാക്കൾ അഭിജിത് ദിപ്കെയെ തലപ്പാവ് അണിയിച്ച് ആദരിച്ചു. എന്നാൽ, സമരത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ തടയുന്നതിനായി പലരെയും പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ജയ്പൂരിൽ സ്കൂളിലെ പീഡനം കാരണം ജീവനൊടുക്കിയ വിദ്യാർത്ഥിനി അമൈറയുടെ കുടുംബവും ചടങ്ങിൽ സംസാരിച്ചു. ഇന്ന് കുട്ടിയുടെ ജന്മദിനമാണെന്ന് ഓർമ്മിപ്പിച്ച കുടുംബം, രാജ്യത്ത് നീതിക്ക് വേണ്ടി തെരുവിൽ ഇറങ്ങേണ്ടി വരുന്ന ഗതികേടാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ മറ്റൊരു സമവായത്തിനും പാർട്ടി തയ്യാറല്ലെന്നും വരും ദിവസങ്ങളിൽ ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അഭിജിത് ദിപ്കെ വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒൻപത് ദിവസമായി ജന്തർ മന്തിറിൽ സമരം തുടരുകയായിരുന്നു. ജൂൺ 27 നകം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ 28 മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സോനം വാങ്ചുക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് അദ്ദേഹം സമരവേദിയിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. സോനം വാങ്ചുക്കിന്റെ വരവോടെ സമരം കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് സിജെപി വിലയിരുത്തുന്നത്. അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ ‘പ്രധാൻ ഗോ ബാക്ക്’ എന്ന പേരിൽ സമരം രാജ്യവ്യാപകമായി വിപുലമാക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കർഷകരും ഇടതുപക്ഷ വനിതാ സംഘടനകളും വിവിധ വിദ്യാർത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ധർമ്മേന്ദ്ര പ്രധാൻ ഉടനടി രാജി വെക്കുക, ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിജെപി സമരം ചെയ്യുന്നത്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ദിവസേന കുറവുണ്ടായിരുന്നെങ്കിലും, ഇന്ന് അവധി ദിനമായതിനാൽ വൻതോതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും സമരവേദിയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. അതേസമയം, സിജെപി സമരത്തിന് സോനം വാങ്ചുക്ക് നൽകുന്ന പിന്തുണയ്‌ക്കെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ലഡാക്കിൽ മുൻപ് നടന്ന സമരങ്ങൾ സംഘർഷത്തിൽ കലാശിച്ച പശ്ചാത്തലത്തിൽ, വാങ്ചുക്കിന്റെ ഡൽഹിയിലെ ഇടപെടൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ഇവരുടെ ആരോപണം. കൂടാതെ സിജെപിയുടെ പ്രതിഷേധങ്ങൾ കേവലം രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്നും വാങ്ചുക്ക് ഇത്തരം രാഷ്ട്രീയ കോമാളിത്തങ്ങളുടെ ഭാഗമാകരുതെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സിജെപിയുടെ തീരുമാനം.

Also read: