26/07/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിൽ’; റോ ഖന്ന

 ‘ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിൽ’; റോ ഖന്ന

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ കാരണം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പ്രമുഖ ഇന്ത്യൻഅമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി നേതാവും യുഎസ് കോൺഗ്രസ് അംഗവുമായ റോ ഖന്ന. വാഷിംഗ്ടണിൽ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. തന്റെ സമീപകാല ചൈന സന്ദർശനത്തിനിടെ അവിടുത്തെ ഇന്ത്യൻ അംബാസഡർ തന്നോട് സംസാരിച്ചിരുന്നുവെന്നും, ട്രംപിന്റെ നയങ്ങൾ കാരണം ഇരുരാജ്യങ്ങളും തമ്മിൽ ഒരു തലമുറയായി നിലനിന്നിരുന്ന വിശ്വാസമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായും റോ ഖന്ന അവകാശപ്പെട്ടു.

ഇറാനുമായി ട്രംപ് ഭരണകൂടം യുദ്ധ സമാനമായ സാഹചര്യമുണ്ടാക്കിയത് ഇന്ത്യയിലെ ഇന്ധനവില കുതിച്ചുയരാൻ കാരണമായെന്നും ഇക്കാര്യം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ചോദിച്ചാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെയും ക്യൂബയെയും ഭീഷണിപ്പെടുത്തുന്നതും ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ നോക്കുന്നതുമായ ട്രംപിന്റെ ‘ശക്തിയുള്ളവന്റേതാണ് നീതി’ എന്ന വിദേശനയം അമേരിക്കയുടെ ആഗോള നേതൃത്വത്തെ പൂർണ്ണമായി തകർക്കുകയാണ്. ഇതിനുപുറമെ, കുടിയേറ്റക്കാർക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനകളെയും സ്റ്റുഡന്റ് വിസകളിൽ വരുത്തിയ മാറ്റങ്ങളെയും അമേരിക്കയിലേക്ക് വരുന്ന വിദേശ പ്രതിഭകളെ അധിക്ഷേപിക്കുന്നതിനെയും റോ ഖന്ന ശക്തമായി അപലപിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിൽ 38 ശതമാനത്തോളം പേർ ചൈനീസ് വംശജരാണെന്നും 72 ശതമാനം പേർക്ക് വിദേശ ബിരുദങ്ങളുണ്ടെന്നും ഓർമ്മിപ്പിച്ച അദ്ദേഹം, പ്രതിഭകളെ ആട്ടിയോടിക്കുകയല്ല മറിച്ച് ആകർഷിക്കുകയാണ് വേണ്ടതെന്ന് ട്രംപ് മനസ്സിലാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. ഡൊണാൾഡ് ട്രംപിനെ അധികാരമില്ലാത്ത ഒരു ‘ലാം ഡക്ക്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ വൻ വിജയം നേടുമെന്നും അവകാശപ്പെട്ടു.

അതേസമയം, ഇതേ വേദിയിൽ സംസാരിച്ച ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ 18 മാസമായി പുരോഗമിക്കുകയാണെന്നും അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മുന്നോട്ട് നയിക്കുന്നതെന്നും ഇന്തോപസഫിക് കമാൻഡിന്റെ പേര് മാറ്റിയതുപോലുള്ള കാര്യങ്ങളിൽ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മറ്റൊരു രാജ്യത്തേക്കാളും കൂടുതൽ സൈനികാഭ്യാസങ്ങൾ ഇന്ത്യ നടത്തുന്നത് അമേരിക്കയുമായാണെന്നും വരും ആഴ്ചകളിൽ ഇന്ത്യൻ നാവികസേനാ പ്രതിനിധികൾ യുഎസ് സന്ദർശിക്കുമെന്നും ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഫിലിപ്പീൻസിൽ നടക്കുമെന്നും സെർജിയോ ഗോർ കൂട്ടിച്ചേർത്തു.

Also read: