21/07/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ തൊട്ടാൽ ഞാൻ മരിച്ചുകളയും’; ഓടുന്ന കാറിൽ പീഡന ശ്രമം ചെറുത്ത് യുവതി പ്രതി അറസ്റ്റിൽ

 ‘എന്നെ തൊട്ടാൽ ഞാൻ മരിച്ചുകളയും’; ഓടുന്ന കാറിൽ പീഡന ശ്രമം ചെറുത്ത് യുവതി പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: മോമോസ് കഴിക്കാൻ കാറിലേക്ക് ക്ഷണിച്ച് 24 വയസ്സുകാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ മാണ്ഡവലിയിലാണ് സംഭവം. യുവതി മൊബൈലിൽ പകർത്തിയ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. ഇരയായ യുവതിക്ക് മുൻപരിചയമുള്ള വികാസ് എന്ന യുവാവാണ് കേസിൽ പിടിയിലായത്. കഴിഞ്ഞ മെയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിയുടെ മുറിയിലെത്തി വസ്ത്രം മാറിയ ശേഷം ഒന്നിച്ച് മോമോസ് കഴിക്കാൻ പോകാം എന്ന് പറഞ്ഞാണ് പ്രതി ഇവരെ കാറിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് പാണ്ഡവ് നഗറിൽ പോയി ഭക്ഷണം കഴിച്ച ശേഷം തിരികെ മുറിയിലെത്തിയ വികാസ്, അവിടെനിന്ന് പോകാൻ വിസമ്മതിച്ചു. തുടർന്ന് തന്ത്രപൂർവ്വം പാർക്കിലേക്ക് പോകാനെന്ന വ്യാജേന യുവതി താഴേക്ക് ഇറങ്ങിയെങ്കിലും, യുവതിയുടെ മുറിയുടെ താക്കോലും വാട്ടർ ബോട്ടിലും കൈക്കലാക്കിയ പ്രതി കാറിൽ സിഎൻജി ഇന്ധനം നിറയ്ക്കാൻ ഒപ്പം വരണമെന്ന് നിർബന്ധിക്കുകയായിരുന്നു. താക്കോൽ തിരികെ വാങ്ങാനായി കാറിൽ കയറിയ യുവതിയെ, ഇന്ധനം നിറച്ച ശേഷം പ്രതി വിജനമായ വഴിയിലേക്ക് കാർ ഓടിച്ചുപോവുകയായിരുന്നു.

ഓടുന്ന കാറിനുള്ളിൽ വെച്ച് വികാസ് യുവതിയോട് അശ്ലീല പരാമർശങ്ങൾ നടത്തുകയും ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ച് ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയുമായിരുന്നു. വെറും ‘രണ്ട് മിനിറ്റിന്റെ’ കാര്യമേയുള്ളൂവെന്നും ബഹളം വെക്കരുതെന്നും പറഞ്ഞ് ഇയാൾ യുവതിയെ കാറിന്റെ പിൻസീറ്റിലേക്ക് ബലമായി കിടത്താൻ ശ്രമിച്ചു. ഈ സമയത്ത് എന്റെ ശരീരത്തിൽ തൊട്ടാൽ ഞാൻ മരിച്ചു കളയും എന്ന് യുവതി ഭീഷണി മുഴക്കുകയും രഹസ്യമായി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതും.

യുവതി മരിച്ചാലും കുഴപ്പമില്ലെന്നും മുറിയിലെത്തിച്ച് തന്റെ ആവശ്യം നേടുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കാറിനുള്ളിൽ വെച്ച് യുവതി ഉച്ചത്തിൽ നിലവിളിക്കുകയും കൈകാലുകൾ കൊണ്ട് കാറിന്റെ ജനാലകളിൽ ശക്തമായി അടിക്കുകയും ചെയ്തതോടെയാണ് ഭയന്നുപോയ പ്രതി വണ്ടി നിർത്തി ഇവരെ വഴിയിൽ ഇറക്കിവിട്ടത്. തുടർന്ന് വീട്ടിലെത്തിയ യുവതി പിതാവിനെ വിവരമറിയിക്കുകയും ജൂൺ 17ന് മാണ്ഡവാലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. യുവതി നൽകിയ വീഡിയോ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം ലൈംഗിക അതിക്രമം, തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

Also read: