21/07/2026
[fontresizer_tawhidurrahmandear_widget]

‘ഓപ്പറേഷന്‍ തൂഫാന്‍ കേരള സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും, പക്ഷേ പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’ -വെള്ളാപ്പള്ളി നടേശന്‍

 ‘ഓപ്പറേഷന്‍ തൂഫാന്‍ കേരള സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും, പക്ഷേ പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’ -വെള്ളാപ്പള്ളി നടേശന്‍

വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണെന്ന് വെള്ളപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും വെള്ളാപ്പള്ളി യോഗനാദത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുതെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും അണിചേരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാര്‍ത്ഥികളും യുവജനതയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ഈ വിപത്തുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കണ്ട് മാതാപിതാക്കള്‍ക്ക് നെഞ്ചില്‍ തീയാണ്. ഇത് തിരിച്ചറിഞ്ഞാകണം സംസ്ഥാനത്ത് ചുമതലയേറ്റ വിഡി സതീശന്‍ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലഹരി മാഫിയയെ അടിച്ചൊതുക്കാന്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. അത് എന്തായാലും നല്ല കാര്യമായി. ജനങ്ങള്‍ ഏറെപ്രതീക്ഷയോടെയാണ് തൂഫാനെ കാണുന്നത്.

കോവിഡ് മഹാവ്യാധിക്ക് ശേഷമാണ് മറ്റൊരു മഹാവ്യാധിയെപ്പോലെ ഒരു തലമുറയെ ഇല്ലാതാക്കുന്ന തലത്തിലേക്ക് ലഹരി ഭീഷണി കേരളത്തെ ഗ്രസിച്ചത്. നാട്ടിന്‍ പുറങ്ങളില്‍ വരെ ലഹരി മാഫിയ അഴിഞ്ഞാടുകയാണ്. സമര്‍ഥരായ വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്കെണികളില്‍ പെടുത്തി മയക്കുമരുന്നുകള്‍ക്ക് അടിമയാക്കി സാമ്പത്തിക ലാഭം കൊയ്യുന്ന അന്തര്‍ ദേശിയ ബന്ധങ്ങളുള്ള സംഘങ്ങളാണ് ഇതിന് പിന്നില്‍. പുതിയ തലമുറയുടെ സ്വതന്ത്ര ജീവിത സ്വപ്‌നങ്ങളെ ചൂഷണം ചെയ്യാന്‍ ഇവര്‍ക്ക് എളുപ്പമാണ്. പൊലിസിന്റെയും എക്‌സൈസിന്റെയും പിടിയലകപ്പെടുന്ന പെണ്‍കുട്ടികളുടെയും യുവാക്കളുടെയും പശ്ചാത്തലം അമ്പരിപ്പിക്കുന്നു.

സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതില്‍ സന്തോഷമുണ്ട്. അതിന് മുന്‍കൈ എടുത്തതിന് സര്‍ക്കാര്‍ അഭിമാനം അഭിനന്ദനം അര്‍ഹിക്കുന്നു. ആഭ്യന്തരവകുപ്പും എക്‌സൈസ് വകുപ്പും സര്‍ക്കാര്‍ ഒന്നാകെയും ഇതിന് വേണം. നല്ലത് ചെയ്താൽ നല്ലതെന്ന് പറയാനും തെറ്റ് ചെയ്താൽ ചൂണ്ടിക്കാട്ടാനും തെറ്റാണെന്ന് പറയാനുമുള്ള മനസാണ് ജനങ്ങൾക്ക് വേണ്ടത്. ഈ ദൗത്യം ഇടയ്ക്കിട്ട് പോകരുത്. കേരളത്തിന്റ രക്ഷയ്ക്ക് എസ്എന്‍ഡിപി യോഗം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിത്. സര്‍ക്കാരിനൊപ്പം അണിനിരക്കാന്‍ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകരും തയ്യാറാണ്. മറ്റ് സാംസ്‌കാരിക സാമൂഹ്യ സംഘടനകളും രാഷ്ട്രീയവും വിയോജിപ്പും മറന്ന് ഓപ്പറേഷന്‍ തൂഫാനൊപ്പം ചേരണം, ഒരു തലമുറയുടെ രക്ഷയ്ക്കായി ഒന്നിച്ച് നിന്ന് കൈകോര്‍ക്കാമെന്ന് വെള്ളാപ്പള്ളി പറയുന്നു.

Also read: