‘ബംഗ്ലാദേശികൾക്ക് എതിരെ ഞാൻ നടത്തുന്ന ഓപ്പറേഷനാണിത്’; കർണാടകയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് പരിശോധന, തീവ്ര ഹിന്ദുത്വ നേതാവ് അറസ്റ്റിൽ
ബെംഗളൂരു: കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി പരിശോധന നടത്തിയ തീവ്രഹിന്ദുത്വ നേതാവ് അറസ്റ്റിൽ. കർണാടകയിലെ രാഷ്ട്ര രക്ഷണ പട എന്ന സംഘടന പ്രവർത്തകനായ പുനീത് കെരെഹള്ളിയെയാണ് ബെന്നാർഘട്ട പോലീസ് അറസ്റ്റ് ചെയ്തത്. അനധികതൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശികൾക്ക് എതിരെ താൻ നടത്തുന്ന ഓപ്പറേഷനാണിതെന്ന പേരിലാണ് ഇയാൾ ഈ അതിക്രമം കാണിച്ചത്. വീടുകളിൽ കയറി പരിശോധന നടത്തുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
1500 രൂപയ്ക്ക് ഇത്തരം കുടിയേറ്റക്കാർ വ്യാജ ആധാർ കാർഡുകൾ കൈക്കലാക്കുന്നുണ്ടെന്ന് പുനീത് ആരോപിച്ചിരുന്നു. സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തതുകൊണ്ടാണ് താൻ ഈ നീക്കം നടത്തുന്നതെന്നായിരുന്നു പുനീതിന്റെ വാദം.
ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ സർക്കാരിന്റെ വീഴ്ചയെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തതോടെയാണ് പോലീസ് നടപടിയുണ്ടായത്. കൊലപാതകം ഉൾപ്പെടെ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള പുനീത് കെരെഹള്ളിയുടെ അറസ്റ്റിൽ അനുയായികൾ ബെന്നാർഘട്ട പോലീസ് സ്‌റ്റേഷന് പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അവരെ തടയുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
അറസ്റ്റിലായ പുനീതിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ, വരും ദിവസങ്ങളിൽ ഇതിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പുനീത് വീണ്ടും സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.