22/07/2026
[fontresizer_tawhidurrahmandear_widget]

‘എഥനോൾ കൊള്ള’യില്‍ പ്രതിഷേധം കടുക്കുന്നു; നാളെ ഡൽഹിയിൽ വമ്പന്‍ പ്രക്ഷോഭം? | E20 Ethanol Petrol Row

 ‘എഥനോൾ കൊള്ള’യില്‍ പ്രതിഷേധം കടുക്കുന്നു; നാളെ ഡൽഹിയിൽ വമ്പന്‍ പ്രക്ഷോഭം? | E20 Ethanol Petrol Row

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ രാജ്യത്ത് ജനരോഷം തെരുവിലേക്ക് പടരുന്നു(E20 Ethanol Petrol Row). സോഷ്യൽ മീഡിയയിലും വെഹിക്കിൾ സോഷ്യൽ ഫോറങ്ങളിലും ഒതുങ്ങിനിന്ന ജനങ്ങളുടെ വലിയ തോതിലുള്ള അതൃപ്തി ഇതാദ്യമായി പരസ്യമായ തെരുവ് പ്രതിഷേധത്തിലേക്കു നീങ്ങുകയാണ്. പ്രമുഖ സംരംഭകനും ടെലിവിഷൻ അവതാരകനുമായ തഹ്‌സീൻ പൂനാവാലയുടെ നേതൃത്വത്തിൽ നാളെ ഡൽഹിയിലെ ജന്തർ മന്ദറിൽ വൻ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

‘എഥനോൾ കൊള്ളയ്‌ക്കെതിരെ ടീം ഭാരത്'(TEAM BHARAT against the Ethanol Scam) എന്ന ബാനറിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ കൃത്യമായ മുൻകരുതലുകളോ പഠനങ്ങളോ ഇല്ലാതെ രാജ്യത്ത് അടിച്ചേൽപ്പിച്ച ഇ-20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിനെതിരെയുള്ള ആദ്യത്തെ വലിയ പരസ്യ ജനകീയ പ്രക്ഷോഭമായിരിക്കും ഇതെന്നാണ് സംഘാടകർ പറയുന്നത്. ഡൽഹി പോലീസ് സമരത്തിന് അനുമതി നിഷേധിച്ചാൽ, എഥനോൾ മിശ്രിത കാമ്പെയ്ന്റെ മുൻനിരയിലുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുമെന്നും തഹ്‌സീൻ പൂനാവാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽനിന്ന് തെരുവിലേക്ക്: ജനങ്ങളുടെ പരാതികൾ | E20 Ethanol Petrol Row

പെട്രോളിൽ എഥനോൾ കലർത്തുന്നതിനെതിരെയുള്ള വിയോജിപ്പ് കഴിഞ്ഞ കുറേ മാസങ്ങളായി വാഹന ഉപഭോക്താക്കൾക്കിടയിൽ പുകയുന്നുണ്ട്. എഥനോൾ കലർന്ന പെട്രോൾ അടിക്കുന്നത് വഴി വാഹനങ്ങളുടെ മൈലേജ് കുത്തനെ കുറയുന്നുവെന്നും, എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറുകൾ സംഭവിക്കുന്നുവെന്നുമുള്ള വ്യാപക പരാതികൾ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും ആളുകൾ പങ്കുവച്ചിരുന്നു. പെട്രോൾ പമ്പുകളിൽനിന്ന് ലഭിക്കുന്ന ഇന്ധനത്തിൽ എഥനോൾ കൃത്യമായി ലയിക്കാത്ത അവസ്ഥയിലാണെന്ന് കാണിക്കുന്ന നിരവധി വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു.

മാത്രമല്ല, എഥനോൾ പെട്രോൾ ടാങ്കുകളിലെ ഈർപ്പം വലിച്ചെടുക്കുന്നത് വഴി എഞ്ചിനിലെ ഘടകങ്ങൾ തുരുമ്പെടുക്കുന്നതായും ഇന്ധന പമ്പുകൾ കേടാകുന്നതായും ദശലക്ഷക്കണക്കിന് വാഹന ഉടമകൾ പരാതിപ്പെടുന്നു. സാധാരണയായി തെരുവ് സമരങ്ങളിൽനിന്നു മാറിനിൽക്കുന്ന മധ്യവർഗ കുടുംബങ്ങളാണ് ഈ സമരത്തിന്റെ മുൻനിരയിലുള്ളത് എന്നത് ശ്രദ്ധേയമാണ്. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം നൽകി വാങ്ങിയ വാഹനങ്ങൾ സർക്കാരിന്റെ അശാസ്ത്രീയമായ നയം കാരണം നശിച്ചുപോകുന്നു എന്ന തിരിച്ചറിവാണ് ഇവരെ തെരുവിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. യാതൊരുവിധ രാഷ്ട്രീയ താൽപര്യങ്ങളുമില്ലാതെ, കേവലം വാഹനം ഉപയോഗിക്കുന്ന പൊതുജനങ്ങളുടെ കൂട്ടായ്മയായാണ് ഈ സമരം രൂപപ്പെട്ടിരിക്കുന്നത്. നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രൂപംകൊണ്ട കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് കേന്ദ്രത്തിന്റെ എഥനോൾ നയവും സോഷ്യൽ മീഡിയയിൽനിന്നു വലിയ ജനകീയ പ്രതിഷേധത്തിലേക്കു നീങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.

സർക്കാരിന്റെ വാദങ്ങളും യാഥാർത്ഥ്യവും| E20 Ethanol Petrol Row

ജനങ്ങളുടെയും വിദഗ്ധരുടെയും ഈ ആശങ്കകളെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി കഴിഞ്ഞ ദിവസം പൂർണമായി തള്ളിക്കളഞ്ഞിരുന്നു. ഇ-20 പെട്രോൾ കാരണം മൈലേജിൽ ചെറിയ കുറവ് മാത്രമേ ഉണ്ടാകൂവെന്നാണു മന്ത്രി വ്യക്തമാക്കിയത്. റേസിങ് കാറുകളിൽ പോലും എഥനോൾ ഉപയോഗിക്കാറുണ്ടെന്നും ഇത് വാഹനങ്ങളുടെ വേഗത കൂട്ടാനും എഞ്ചിന്റെ ‘നോക്കിങ്’ കുറയ്ക്കാനും സഹായിക്കുമെന്നുമാണ് മന്ത്രിയുടെ വാദം.

എന്നാൽ, ഈ ന്യായം അംഗീകരിക്കാൻ സമരക്കാരോ വാഹന വിദഗ്ധരോ തയ്യാറല്ല. എഥനോൾ നയത്തിന് പൂർണമായി എതിരല്ല, മറിച്ച് ഇത് നടപ്പാക്കിയ രീതിയെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ കോൺടെക്സ്റ്റ് ജേർണലിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ഏപ്രിൽ വരെയുള്ള വിവരമനുസരിച്ച് ഇന്ത്യയിലെ 80 ശതമാനത്തോളം വാഹനങ്ങളും ഇ-20 ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമായ സാങ്കേതികവിദ്യ ഉള്ളവയല്ല. ഒരു ചോയ്‌സ് പോലും നൽകാതെ ജനങ്ങളുടെ മേൽ ഈ ഇന്ധനം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പൂനാവാല കുറ്റപ്പെടുത്തുന്നു.

സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ |E20 Ethanol Petrol Row

കേന്ദ്ര സർക്കാരിന് മുന്നിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്:

  1. രേഖകൾ പരസ്യപ്പെടുത്തുക: ഇ-20 മിശ്രിതവുമായി ബന്ധപ്പെട്ട എല്ലാ പോളിസി രേഖകളും ഇതിനായി നടത്തിയ സാങ്കേതിക പഠന റിപ്പോർട്ടുകളും പൊതുജനങ്ങൾക്കായി തുറന്നുനൽകുക.
  2. ഉപഭോക്താവിന് സ്വാതന്ത്ര്യം നൽകുക: എഥനോൾ കലരാത്ത ശുദ്ധമായ പെട്രോളും, കുറഞ്ഞ അളവിൽ മാത്രം എഥനോൾ അടങ്ങിയ ഇ5, ഇ15 തുടങ്ങിയ ഇന്ധന വകഭേദങ്ങളും ന്യായമായ വിലയിൽ പെട്രോൾ പമ്പുകളിൽ ലഭ്യമാക്കുക. എന്ത് ഇന്ധനം അടിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് വിട്ടുനൽകുക.
  3. തുടർനടപടികൾ നിർത്തിവയ്ക്കുക: രാജ്യത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വാഹന നിർമാതാക്കളുമായും ഉപഭോക്താക്കളുമായും കൃത്യമായ ചർച്ചകൾ നടത്തുന്നതിനും മുൻപ് ഇ25, ഇ30 തുടങ്ങിയ ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതങ്ങളിലേക്ക് കടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ അടിയന്തരമായി നിർത്തിവയ്ക്കുക.

കോടതിവാദത്തിലെ വിവാദവും രാഷ്ട്രീയ പോരും |E20 Ethanol Petrol Row

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഇ-20 ഇന്ധന നയം പരീക്ഷണമാണെന്നാണ് വ്യക്തമാക്കിയത്. ഇതിന്റെ യഥാർത്ഥ ഫലങ്ങൾ അടുത്ത വർഷമേ ലഭ്യമാകൂ എന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു. സർക്കാർ ഈ പരാമർശം നിഷേധിക്കാൻ ശ്രമിച്ചെങ്കിലും, അറ്റോർണി ജനറൽ ഇത് പറയുന്ന കോടതി മുറിയിലെ വീഡിയോ ദൃശ്യങ്ങൾ തഹ്‌സീൻ പൂനാവാല സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഈ വീഡിയോ നിലവിൽ രാജ്യവ്യാപകമായി വൈറലായിരിക്കുകയാണ്.

ഇതോടെ കേന്ദ്ര നയത്തിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ശക്തമായ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ജനങ്ങളെ കേന്ദ്ര സർക്കാർ ഒരു പരീക്ഷണശാലയിലെ എലികളെപ്പോലെ കാണുകയാണെന്ന് എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഇ-20 ഇന്ധനം നിർബന്ധമാക്കുന്നതിന് പകരം എന്തുകൊണ്ട് നിശ്ചിത വാഹനങ്ങളിൽ മാത്രം പരീക്ഷിച്ചില്ല എന്ന് ചോദിച്ച അദ്ദേഹം, നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുമെന്നും പ്രഖ്യാപിച്ചു.

2014-ൽ ബി.ജെ.പി നൽകിയ പഴയ വാഗ്ദാനങ്ങൾ ഓർമിപ്പിച്ചാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിച്ചത്. നഗരസഭകളിലെ മാലിന്യങ്ങളിൽനിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുമെന്നും പെട്രോൾ വില ലിറ്ററിന് 55 രൂപയായി കുറയ്ക്കുമെന്നുമായിരുന്നു അന്ന് ബി.ജെ.പി പറഞ്ഞിരുന്നത്. നിശ്ചയിച്ചതിലും മുൻപേ 20 ശതമാനം എഥനോൾ ലക്ഷ്യം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന മോദി സർക്കാർ, ഇതുകൊണ്ട് കരിമ്പ് കർഷകർക്ക് യഥാർത്ഥത്തിൽ എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവിടണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു.

സമരത്തിന് പതിനായിരത്തിലധികം പേർ? | E20 Ethanol Petrol Row

ഡൽഹി പോലീസിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അവർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണെന്ന് പൂനാവാല കുറ്റപ്പെടുത്തി. ഡൽഹി പോലീസ് ഒരു ‘ടോക്‌സിക് കാമുകനെപ്പോലെ’ പെരുമാറരുതെന്നും, ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പതിനായിരത്തിലധികം ആളുകൾ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും വാമൊഴിയായും തികച്ചും സ്വാഭാവികമായ രീതിയിലാണ് ആളുകൾ ഈ സമരത്തിലേക്ക് ഒഴുകിയെത്തുന്നത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയല്ല, മറിച്ച് ഓരോ ഇന്ത്യക്കാരനെയും ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് ജനങ്ങൾ തെരുവിലിറങ്ങുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരിയുടെ പ്രസ്താവനകൾ സർക്കാരിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും ജനങ്ങളുടെ പരാതികൾ കേൾക്കാൻ സർക്കാർ തയാറാകണമെന്നും പൂനാവാല കൂട്ടിച്ചേർത്തു.

Also read: