‘വോട്ട്, സീറ്റ്, വഴിപാട് കള്ളന്മാര്, ഇതാണ് ബിജെപി ആര്‍എസ്എസ് രാഷ്ട്രീയം’; കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ ബിജെപിക്കും ആര്‍എസ്എസിനും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പൂര്‍ണ ക്രെഡിറ്റ് എടുത്ത പ്രധാനമന്ത്രി അഴിമതി ആരോപണത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ട്, സീറ്റ്, വഴിപാട് കള്ളന്മാര്, ഇതാണ് ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്നും ജയ്റാം രമേശ് വിമര്‍ശിച്ചു. കോടിക്കണക്കിന് രൂപയുടെ സംഭാവ തട്ടിപ്പ് നടന്നിട്ടും ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഈ തട്ടിപ്പിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം. വിവാദമായ ഇലക്ട്രല്‍ ബോണ്ട് പദ്ധതിയെപ്പോലെ സംഭാവനകള്‍ വാങ്ങി ബിസിനസ്സ് ചെയ്യുക എന്നത് ബിജെപിയുടെ ഡിഎന്‍എയുടെ ഭാഗമാണെന്നും, രാമക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് ബിജെപിആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. ഈ തട്ടിപ്പ് കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ട് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.