21/07/2026
[fontresizer_tawhidurrahmandear_widget]

‘ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍, നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം’ -ജി.സുധാകരന്‍

 ‘ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍, നാണമില്ലേ ആ സീറ്റില്‍ ഇരിക്കാന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം’ -ജി.സുധാകരന്‍

എം.വി ഗോവിന്ദൻ, ജി.സുധാകരന്‍

ആലപ്പുഴ: തന്നെ വര്‍ഗവഞ്ചകന്‍ എന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. യഥാർത്ഥ വർഗവഞ്ചകൻ എം.വി ഗോവിന്ദനാണെന്നും അദ്ദേഹത്തിന് ആ സ്ഥാനത്ത് ഇരിക്കാൻ നാണമില്ലേ എന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു.

“ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് സ്വയം മാറിയതാണ്. പാര്‍ട്ടിയെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ബ്രാഞ്ചില്‍ പോയി പറഞ്ഞതാണ്. അവരെല്ലാം അംഗീകരിച്ചതാണ്. അപ്പോള്‍ വര്‍ഗവഞ്ചകന്‍ ഗോവിന്ദനല്ലേ. പാര്‍ട്ടി ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനല്ലേ വര്‍ഗവഞ്ചകന്‍. നാണമില്ലേ അയാള്‍ക്ക് ആ സീറ്റില്‍ ഇരിക്കാന്‍. അദ്ദേഹം പറയുന്നത് എന്തെങ്കിലും തിരിയുമോ. മലയാള ഭാഷയില്‍ തെറ്റില്ലാതെ പറയാന്‍ അറിയാമോ? കോടാനുകോടി വരുന്ന വിദ്യാസമ്പന്നരും പ്രബുദ്ധരും ഉള്ള ഈ നാട്ടില്‍ ജനങ്ങളോട് സംസാരിക്കാന്‍ ഈ സെക്രട്ടറി കൊള്ളാമോ? ഗോവിന്ദന്‍ വായടയ്ക്കുന്നതാണ് നല്ലത്. സിഎച്ച് കണാരന്റെയും എകെജിയുടെയും ഇഎംഎസിന്റെ കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് ഞാന്‍. ഗോവിന്ദന്‍ ഒന്നും പാര്‍ട്ടിയില്‍ ഇല്ല. ജൂനിയര്‍ ആണ്. ഞാന്‍ ഇന്നുവരെ ഗോവിന്ദനെതിരെ സംസാരിച്ചിട്ടില്ല. അവസാനം കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുകയാണ്. ഒരു കാര്യവും ഇല്ല എന്നെ കുറിച്ച് പറയാന്‍. ഞാന്‍ വര്‍ഗവഞ്ചകന്‍ ആണ് എന്ന് പറയുന്ന ഗോവിന്ദന്‍ ആണ് വര്‍ഗവഞ്ചകന്‍. വര്‍ഗത്തെ ആരാണോ വഞ്ചിക്കുന്നത് അയാളാണ് വര്‍ഗവഞ്ചകന്‍. ഞാന്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചിട്ടില്ല. ഞാന്‍ കൃഷിക്കാരെ വഞ്ചിച്ചിട്ടില്ല. ഞാന്‍ അവര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്”- ജി സുധാകരന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയും മറ്റ് മുന്നണി രാഷ്ട്രീയവും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ പിന്നീട് രംഗത്തുവന്നത്.

“ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ട് പോലുമില്ല. കോണ്‍ഗ്രസ് എന്ന ചെളിക്കുണ്ടില്‍ വീണു എന്ന് വേറൊരു പൊളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. ഞാന്‍ ഒരു ചെളിക്കുണ്ടിലും വീണിട്ടില്ല. കോണ്‍ഗ്രസ് ചെളിക്കുണ്ട് ആണെങ്കില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ലീഗും ഡിഎംകെയും അടങ്ങുന്ന മുന്നണിയില്‍ അല്ലേ സിപിഎമ്മും സിപിഐയും. രണ്ടും രണ്ടും നാല് പാര്‍ലമെന്റ് സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. രാജസ്ഥാനില്‍ ഒരു സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. കേരളത്തില്‍ സ്വന്തം ശക്തിയില്‍ ഒരു സീറ്റാണ് കിട്ടിയത്. അങ്ങനെ ഒറ്റ സീറ്റിലേക്ക് പാര്‍ട്ടിയെ എത്തിച്ച ഗോവിന്ദന് നാണമില്ലേ സംസാരിക്കാന്‍. ആ സ്ഥാനം രാജിവെയ്ക്കണം. ഞാന്‍ അപേക്ഷയൊന്നും കൊടുത്തില്ലല്ലോ എടുക്കണമെന്ന്. പാര്‍ട്ടിയെ അറിയാവുന്നവര്‍ വരണം. ഞാന്‍ എല്‍ഡിഎഫിലും ഇല്ല യുഡിഎഫിലും ഇല്ല. ഞാന്‍ സ്വതന്ത്രനാണ്. മുഖ്യമന്ത്രി സതീശന്റെ നല്ല കാര്യങ്ങളില്‍ ഞാന്‍ നിയമസഭയില്‍ വോട്ട് ചെയ്യും”- ജി സുധാകരന്‍ തുടര്‍ന്നു.

“പിണറായി വിജയനെ കെ എന്‍ ബാലഗോപാലന്‍ ശകാരിച്ചത് കേട്ടില്ലേ നിയമസഭയ്ക്ക് അകത്ത്. 66 വര്‍ഷത്തെ പാര്‍ട്ടി പാരമ്പര്യമുള്ള പിണറായി വിജയനെ മുന്‍നിരയില്‍ വന്ന് കൊണ്ട് മൈക്കില്‍ കൂടി നിങ്ങള്‍ക്ക് എന്തെങ്കിലും പറഞ്ഞുകൂടെ എന്ന് ചോദിക്കുമ്പോള്‍ അപ്പോൾ തന്നെ ബാലഗോപാലിനെതിരെ നടപടി എടുക്കേണ്ടേ. എടുത്തോ?”- ജി സുധാകരന്‍ ചോദിച്ചു.

Also read: