21/07/2026
[fontresizer_tawhidurrahmandear_widget]

കാമുകന്റെ സഹായത്തോടെ പ്രവാസിയെ ഭാര്യ ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തി; അറസ്റ്റിൽ

 കാമുകന്റെ സഹായത്തോടെ പ്രവാസിയെ ഭാര്യ ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തി; അറസ്റ്റിൽ

ഹൈദരാബാദ്: കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഭർത്താവിനെ ആസൂത്രണം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും കാമുകന്റെ സുഹൃത്തും പിടിയിൽ. തെലങ്കാനയിലെ നിസാമാബാദിലെ ഡി പ്രശാന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അവധിക്ക് നാട്ടിലെത്തിയ പ്രശാന്തിനെ കാമുകന്റെ സഹൃത്ത് വഴി കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ കയ്യിലുണ്ടായിരുന്ന കാനുല വഴി ടോയ്‌ലറ്റ് ക്ലീനറും ഉറക്ക് ഗുളികകളും നഴ്‌സായിരുന്ന ഭാര്യ കുത്തിവെക്കുകയായിരുന്നു. കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട കൊല്ലാൻ ശ്രമിച്ച കാര്യം ഭർത്താവിന് സംശയം തോന്നി പ്രശ്‌നമാകുമോ എന്ന് കരുതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ വീണ്ടും കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഭാര്യ സന്ധ്യ, കാമുകൻ എം അനിൽ, അനിലിന്റെ സുഹൃത്ത് വെങ്കട്ട് സായ് എന്നിവരെയാണ് നിസാമാബാദ് സൗത്ത് റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് ഗൾഫിൽ നിന്ന് നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. സന്ധ്യയും അനിലും തമ്മിലുള്ള പ്രണയബന്ധത്തിന് പ്രശാന്ത് തടസ്സമാകുമെന്ന് കരുതിയാണ് ഇവർ ഇയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. ഇതിനായി അനിൽ തന്റെ സുഹൃത്തായ വെങ്കട്ട് സായിയുടെ സഹായം തേടുകയും പ്രശാന്തിനെ മദ്യപിക്കാൻ ക്ഷണിക്കുകയും ചെയ്തു. മദ്യപിച്ചതിന് ശേഷം പ്രശാന്തിനെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ടെറസിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ വീഴ്ചയിൽ പരിക്കുകളോടെ പ്രശാന്ത് രക്ഷപ്പെടുകയും ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം അടുത്ത ദിവസം തന്നെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.

പ്രശാന്ത് മരിച്ചതിന് ശേഷം, ഇയാളെ കട്ടിലിൽ നിന്ന് താഴേക്ക് തള്ളിയിടുകയും കട്ടിലിൽ നിന്ന് വീണാണ് മരിച്ചതെന്ന് സന്ധ്യ ഭർത്താവിന്റെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രശാന്തിന്റെ മരണത്തിൽ സംശയം തോന്നിയ അമ്മ ഡി ശ്യാമള പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതികളുടെ ഗൂഢാലോചന കണ്ടെത്തുകയും മൂവരെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also read: