വഴക്കിനിടെ കുഞ്ഞ് കരഞ്ഞു; നിലത്തേക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കൊന്ന പിതാവ് അറസ്റ്റിൽ; മാതാവ് ഒളിവിൽ
ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനിടെ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ച മാതാവ് ഒളിവിൽ. ബെംഗളൂരുവിലെ കിറ്റനൂർ ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ട്രാക്ടർ െ്രെഡവറായ ശേഖപ്പയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അവലഹള്ളി പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ വിജയലക്ഷ്മി ഉറങ്ങിപ്പോയെന്നും ആ സമയം രേണുക എന്ന കുഞ്ഞ് കട്ടിലിൽ നിന്ന് താഴെ വീണതാണെന്നുമാണ് ശേഖപ്പ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. ഉടൻ തന്നെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ കുഞ്ഞ് വീണുവെന്ന് പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്നുള്ള വീഴ്ച മരണത്തിന് കാരണമാകില്ലെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികളിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും കാലുകളിലും രഹസ്യഭാഗങ്ങളിലും നിരവധി പരിക്കുകൾ കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി.
ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും, ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ശേഖപ്പ സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു. കൂടാതെ രണ്ടാമതും തനിക്ക് പെൺകുഞ്ഞുണ്ടായതിൽ ശേഖപ്പ അതൃപ്തനായിരുന്നു. സംഭവദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ആ സമയം കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ശേഖപ്പ കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്മ വിജയലക്ഷ്മി തന്റെ മൂന്ന് വയസ്സുള്ള മകനെയും കൂട്ടിയാണ് ഒളിവിൽ പോയിരിക്കുകയാണ്. സാഹചര്യത്തെളിവുകളുടെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തത്.