21/07/2026
[fontresizer_tawhidurrahmandear_widget]

കാലാവധി കഴിഞ്ഞ നൂഡിൽസ് കഴിച്ച കുട്ടിക്ക് അസ്വസ്ഥത; ‘തീയതി നോക്കേണ്ടത് വാങ്ങുന്നയാളെന്ന് റീട്ടെയിലർ, 20,000 പിഴ ചുമത്തി ഉപഭോക്തൃ കോടതി

 കാലാവധി കഴിഞ്ഞ നൂഡിൽസ് കഴിച്ച കുട്ടിക്ക് അസ്വസ്ഥത; ‘തീയതി നോക്കേണ്ടത് വാങ്ങുന്നയാളെന്ന് റീട്ടെയിലർ, 20,000 പിഴ ചുമത്തി ഉപഭോക്തൃ കോടതി

ഷിംല: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി റീട്ടെയ്ൽ വ്യാപാരികൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. കാലാവധി കഴിഞ്ഞ ഇൻസ്റ്റന്റ് നൂഡിൽസ് വിൽപന നടത്തിയ റീട്ടെയ്ൽ സ്റ്റോറിനാണ് കോടതി വൻ തുക പിഴ ചുമത്തിയത്. 2026 ഫെബ്രുവരി 26-നാണ് ജുഗൽ കിഷോർ എന്നയാൾ തന്റെ മകൾക്കായി കടയിൽ നിന്നും ‘സ്പൈസി കൊറിയൻ ഇൻസ്റ്റന്റ് നൂഡിൽസ്’ വാങ്ങിയത്. എന്നാൽ, ഈ നൂഡിൽസ് കഴിച്ചതിന് തൊട്ടുപിന്നാലെ കുട്ടിക്ക് കടുത്ത ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് നൂഡിൽസ് പാക്കറ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് 2025 നവംബറിൽ തന്നെ ഇതിന്റെ കാലാവധി (Expiry Date) കഴിഞ്ഞതാണെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം തിരിച്ചറിഞ്ഞത്. ഇതോടെ ഇവർ കടക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

എന്നാൽ, കോടതിയിൽ വ്യാപാരികൾ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമായിരുന്നു. സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ കാലാവധി കൃത്യമായി പരിശോധിക്കേണ്ടത് ഉപഭോക്താവിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും, ഇതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നുമായിരുന്നു കടക്കാരുടെ വാദം. എന്നാൽ ഉപഭോക്തൃ കമ്മീഷൻ ഈ വാദത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞു. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കടകളിൽ നിന്ന് തിരക്കിട്ട് സാധനങ്ങൾ വാങ്ങുമ്പോൾ ഓരോ പാക്കറ്റിലെയും ചെറിയ അക്ഷരങ്ങളിലുള്ള തീയതികൾ തിരഞ്ഞുപിടിച്ച് പരിശോധിക്കാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ‘വാങ്ങുന്നയാൾ ശ്രദ്ധിക്കുക’ എന്ന പഴയ തത്വത്തിന് പകരം, ‘വിൽക്കുന്നയാൾക്ക് കൃത്യമായ ഉത്തരവാദിത്തം വേണം’ എന്ന രീതിയാണ് ഇവിടെ ബാധകമെന്ന് കമ്മീഷൻ വ്യക്തമാക്കി.

പൊതുജനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ഒട്ടും അനാസ്ഥ കാട്ടാൻ പാടില്ലെന്നും, വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ റീട്ടെയ്‌ലർമാർക്കാണ് പൂർണ്ണ ഉത്തരവാദിത്തമെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, നൂഡിൽസിന്റെ വില ഉപഭോക്താവിന് തിരികെ നൽകാനും, കുട്ടിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾക്കും കുടുംബത്തിന്റെ മാനസിക പ്രയാസങ്ങൾക്കും പകരമായി 15,000 രൂപയും, കോടതി ചെലവുകൾക്കായി 5,000 രൂപയും ഉൾപ്പെടെ ആകെ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ റീട്ടെയ്ൽ സ്റ്റോറിനോട് കോടതി ഉത്തരവിട്ടു.

Also read: