മധ്യപ്രദേശിൽ 1,160 കോടിയുടെ വമ്പൻ എഥനോൾ കൊള്ള പുറത്ത്; സബ്‌സിഡി അരി സ്വകാര്യ മില്ലുകൾക്ക് മറിച്ചുവിറ്റു | Madhya Pradesh Ethanol Rice Scam
ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ബയോഫ്യുവൽ നയത്തിന്റെ ഭാഗമായി എഥനോൾ നിർമാണത്തിന് അനുവദിച്ച സബ്സിഡി അരി, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് സ്വകാര്യ റൈസ് മില്ലിലേക്ക് കടത്തിയ വൻ കുംഭകോണത്തിന്റെ വിവരങ്ങൾ പുറത്ത്(Madhya Pradesh Ethanol Rice Scam). മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ വാരാസ്യൂണിയിലുള്ള സ്വകാര്യ റൈസ് മില്ലിൽനിന്നാണ് സർക്കാർ സബ്‌സിഡി നിരക്കിൽ നൽകുന്ന അരി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചതായി ‘ഇന്ത്യന്‍ എക്സ്‍പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിൽ അന്തർസംസ്ഥാന ബന്ധങ്ങളുള്ള വൻ സാമ്പത്തിക കൊള്ളയാണു നടന്നതെന്നാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെട്രോളിൽ കലർത്താനുള്ള എഥനോൾ നിർമിക്കുന്നതിനായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) വൻ സബ്സിഡി നിരക്കിൽ ഡിസ്റ്റിലറികൾക്ക് നൽകിയ ലക്ഷക്കണക്കിന് ടൺ അരിയാണു കൊള്ളയടിച്ചത്. ഇവ ഇന്ധനമാക്കുന്നതിന് പകരം വൻതോതിൽ വഴിതിരിച്ചുവിട്ടതായി അന്വേഷണത്തിൽ തെളിഞ്ഞു. ഏറ്റവും പുതിയ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 1,160 കോടി രൂപ വിപണി മൂല്യം വരുന്ന അഞ്ചു ലക്ഷം മെട്രിക് ടൺ(50 ലക്ഷം ക്വിന്റൽ) സർക്കാർ അരിയാണ് ഡിസ്റ്റിലറികളും സ്വകാര്യ മില്ലുടമകളും ചേർന്ന മാഫിയാ സിൻഡിക്കേറ്റ് അഴിമതിയിലൂടെ വകമാറ്റിയത്.
കോടികളുടെ ‘റീസൈക്ലിങ്’ തട്ടിപ്പ് നടന്നത് ഇങ്ങനെ | Madhya Pradesh Ethanol Rice Scam
കേന്ദ്ര സർക്കാരിന്റെ ഓപൺ മാർക്കറ്റ് സെയിൽ സ്‌കീം(ഒഎംഎസ്എസ്) പ്രകാരം ഒരു ക്വിന്റൽ അരിക്ക് ഏകദേശം 4,100 രൂപയാണു വില. ഇത് സബ്സിഡി നിരക്കിൽ വെറും 2,320 രൂപയ്ക്കാണ് എഥനോൾ നിർമാതാക്കൾക്കു നൽകുന്നത്. ഈ വില വ്യത്യാസമാണ് മാഫിയകൾക്ക് വൻ കൊള്ളലാഭത്തിന് വഴിയൊരുക്കിയത്.
ലാഭം ഇരട്ടിയാക്കി മറിച്ചുവിൽക്കൽ, വിലകുറഞ്ഞ തവിട് അരിയുടെ ഉപയോഗം ഉൾപ്പടൈയുള്ള വൻ തട്ടിപ്പാണ് എസ്.ഐ.ടി കണ്ടെത്തിയത്. എഫ്.സി.ഐ ഡിപ്പോകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കൈപ്പറ്റിയ ഉയർന്ന നിലവാരമുള്ള അരി ഡിസ്റ്റിലറികളിൽ എത്തിച്ച് എഥനോൾ ആക്കി മാറ്റിയെന്ന് ഇവർ രേഖകളിൽ കാണിച്ചു. എന്നാൽ, യഥാർത്ഥത്തിൽ ഈ അരി ഇന്ധന നിർമാണത്തിന് ഉപയോഗിച്ചതേയില്ല. പകരം ഇത് വൻ വിലയ്ക്ക് സ്വകാര്യ റൈസ് മില്ലുകൾക്ക് മറിച്ചുവിറ്റു.
ഇതിനുശേഷം എഥനോൾ പ്ലാന്റിൽ ഉൽപ്പാദനം കാണിക്കുന്നതിനായി വിപണിയിൽനിന്ന് വെറും 2,100 രൂപയ്ക്ക് ലഭ്യമാകുന്ന ഗുണനിലവാരം കുറഞ്ഞ തവിട് അരിയോ, കേടായ മറ്റ് ധാന്യങ്ങളോ വാങ്ങി. അതാണ് എഥനോളിനായി ഉപയോഗിച്ചതെന്നാണു കണ്ടെത്തൽ. സ്വകാര്യ മില്ലുടമകൾ സർക്കാർ അരി വാങ്ങി പുതിയ ചാക്കുകളിലാക്കി മറിച്ചുവിൽക്കുകായയിരുന്നു.

തങ്ങൾ സർക്കാരുമായി ഒപ്പിട്ടിട്ടുള്ള കസ്റ്റം മില്ലിങ് പ്രോഗ്രാം (സിഎംആർ) പ്രകാരം സ്വന്തം മില്ലിൽ പൊടിച്ച പുതിയ അരിയാണെന്ന് വ്യാജേന ഇതേ അരി തന്നെ വീണ്ടും സർക്കാർ ഗോഡൗണുകളിൽ നിക്ഷേപിച്ച് സർക്കാരിൽനിന്ന് വീണ്ടും പണം കൈപ്പറ്റി. അതായത്, സർക്കാരിന്റെ അരി തന്നെ കറങ്ങിത്തിരിഞ്ഞ് വീണ്ടും സർക്കാരിന്റെ പക്കൽ പുതിയ അരി എന്ന വ്യാജേന എത്തിച്ച് കോടികൾ തട്ടുകയായിരുന്നു പ്രതികൾ.
തഹസിൽദാറുടെ പരിശോധനയിൽ പൊളിഞ്ഞത് വൻ ശൃംഖല | Madhya Pradesh Ethanol Rice Scam
ബാലാഘട്ടിലെ നവേഗാവിലുള്ള എഫ്.സി.ഐ ഡിപ്പോയിൽനിന്ന് ചിന്ദ്വാരയിലെ ബോർഗാവിലുള്ള എഥനോൾ പ്ലാന്റിലേക്ക് പോകേണ്ടിയിരുന്ന അരി വഴിമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തഹസിൽദാർ, നായിബ് തഹസിൽദാർ, ജൂനിയർ സപ്ലൈ ഓഫീസർ എന്നിവരടങ്ങിയ സംഘം വാരാസ്യൂണിയിലെ ‘സഞ്ചേതി റൈസ് മില്ലിൽ’ നടത്തിയ അപ്രതീക്ഷിത റെയ്ഡാണ് വഴിത്തിരിവായത്.
മില്ലിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 490 ചാക്കുകളിലായി 242.55 ക്വിന്റൽ സർക്കാർ അരി കയറ്റിയ ട്രക്ക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വാഹനം ഓടിച്ചിരുന്ന ദുർഗേഷ് ഷെന്ദ്രെ എന്ന ഡ്രൈവറുടെ കൈവശം ഇന്ധനവുമായോ വാഹനവുമായോ ബന്ധപ്പെട്ട യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. തന്റെ വീട് അടുത്തായതുകൊണ്ട് രാത്രി വിശ്രമിക്കാൻ വണ്ടി മില്ലിൽ പാർക്ക് ചെയ്തതാണെന്നായിരുന്നു ഡ്രൈവറുടെ മൊഴി. എന്നാൽ, മഴ പെയ്യുന്നതുകൊണ്ട് ഷെഡിനടിയിൽ വണ്ടിയിട്ടതാണെന്നായിരുന്നു മില്ലുടമയുടെ വിശദീകരണം. മൊഴികളിലെ ഈ വൈരുദ്ധ്യം അഴിമതിയുടെ ചുരുളഴിക്കാൻ സഹായിക്കുകയായിരുന്നു.
പ്രതികൾക്കെതിരെ എഫ്.ഐ.ആർ; വിപുലമായ അന്വേഷണം | Madhya Pradesh Ethanol Rice Scam
എഥനോൾ കമ്പനിയായ എ.വി.ജെ അഗ്രിക്കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഔദ്യോഗിക പ്രതിനിധി രാഹുൽ പ്രതാപ്, ട്രക്ക് ഡ്രൈവർ ദുർഗേഷ് ഷെന്ദ്രെ, സഞ്ചേതി റൈസ് മിൽ ഉടമ സൗരഭ് സഞ്ചേതി എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗൂഢാലോചനയിൽ പങ്കാളിയായ രാമകൃഷ്ണ പാണ്ഡെ ഉൾപ്പെടെയുള്ള മറ്റ് ചില പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം, എഫ്.സി.ഐ ഡിപ്പോയിൽ നിന്ന് അരി പുറത്തുപോയതിന് ശേഷം അത് പ്ലാന്റിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല തങ്ങൾക്കില്ലെന്നാണ് ഡിപ്പോ മാനേജർ പോലീസിന് നൽകിയ മൊഴി. മില്ലുകളിലെ വൈദ്യുതി ഉപഭോഗം, തൊഴിലാളികളുടെ എണ്ണം, സ്റ്റോക്ക് രജിസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ മധ്യപ്രദേശ് ഭക്ഷ്യവകുപ്പിലെയും എഫ്.സി.ഐയിലെയും ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.