21/07/2026
[fontresizer_tawhidurrahmandear_widget]

‘ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു’; രമേശ് ചെന്നിത്തലക്കെതിരെ അൻസിബ ഹസ്സൻ

 ‘ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു’; രമേശ് ചെന്നിത്തലക്കെതിരെ അൻസിബ ഹസ്സൻ

കൊച്ചി: ആവർത്തിച്ചുള്ള പരാതികളിൽ കാര്യമില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്ന് നടി അൻസിബ ഹസ്സൻ. സർക്കാരിനും നിയമത്തിനും മുന്നിലല്ലാതെ താൻ വേറെ ആരുടെ മുന്നിലാണ് പരാതി പറയേണ്ടതെന്ന് അൻസിബ ഒരു മലയാള മാധ്യമത്തോട് ചോദിച്ചു. കേരളത്തിൽ താമസിക്കുന്ന താൻ ഇവിടുത്തെ പൊലീസ് സ്റ്റേഷനുകളെയോ ആഭ്യന്തരമന്ത്രിയെയോ അല്ലാതെ മറ്റാരെയാണ് സമീപിക്കേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

നടൻ ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞദിവസം അൻസിബയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ തന്റെ പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് അൻസിബ ആവർത്തിച്ചു.

കമ്മീഷണർ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നുമാണ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും കമ്മീഷണർ മന്ത്രിയെ പറ്റിച്ചതാണെന്നും അൻസിബ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ, എഫ്ഐആർ രജിസ്റ്റർ ചെയ്‌ത കേസിൽ ഇടപെടുന്നത് ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചതാണ് നടിയെ വേദനിപ്പിച്ചത്. നിലവിൽ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും കോടതിയിൽ പ്രതീക്ഷയുണ്ടെന്നും അൻസിബ വ്യക്തമാക്കി.

Also read: