ഭാര്യയെയും മക്കളെയും പരാതി നൽകിയ പെൺകുട്ടിയെയും അടക്കം 6 പേരെ കൊലപ്പെടുത്തി; പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കായി തിരച്ചിൽ
ഹൈദരാബാദ്: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സ്വന്തം ഭാര്യയെയും രണ്ട് ആൺമക്കളെയും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഷാബാദ് മണ്ഡലിലെ ദൈവാലഗുഡ ഗ്രാമക്കാരനായ രാജ്കുമാർ (35) എന്ന കർഷകനാണ് ഈ കൂട്ടക്കൊല നടത്തിയത്. തനിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ പതിനേഴുകാരിയായ പെൺകുട്ടിയോടുള്ള പ്രതികാരമായാണ് ഈ ക്രൂരത. കഴിഞ്ഞ മേയ് മാസത്തിൽ പെൺകുട്ടിയെ ശല്യം ചെയ്തതിനും പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ ഇയാൾ കഴിഞ്ഞ മാസം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ആയുധങ്ങളുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയുടെ അമ്മ ലക്ഷ്മിയെയും ഉറങ്ങിക്കിടക്കുകയായിരുന്ന മുത്തശ്ശി രുക്കമ്മയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആറ് കിലോമീറ്റർ അകലെയുള്ള ഒരു തടാകക്കരയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ മൂത്ത സഹോദരിയെ പ്രതി ഉപദ്രവിക്കാതെ വിട്ടു.
ഇതിന് തൊട്ടുപിന്നാലെ സ്വന്തം വീട്ടിലെത്തിയ രാജ്കുമാർ, അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ സരിത (33), നാല് വയസ്സും ഒന്നര വയസ്സുമുള്ള രണ്ട് ആൺമക്കൾ എന്നിവരെയും സമാനമായ രീതിയിൽ ക്രൂരമായി കൊലപ്പെടുത്തി. കൂട്ടക്കൊലയ്ക്ക് ശേഷം സ്വന്തം പിതാവിനെ ഫോണിൽ വിളിച്ച് താൻ രണ്ട് കുടുംബങ്ങളെയും തീർത്തുവെന്നും ജീവനൊടുക്കാൻ പോകുകയാണെന്നും പ്രതി അറിയിച്ചു. പിതാവ് ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചെങ്കിലും പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. ഒളിവിലുള്ള പ്രതിക്കായി പോലീസ് പത്തോളം പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.