900 രൂപയുടെ സ്കോളർഷിപ്പ് തുക പരിശോധിച്ച ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടിൽ 759 കോടി രൂപ! ഞെട്ടിത്തരിച്ച് കുടുംബവും നാട്ടുകാരും
ബിഹാർ: വെസ്റ്റ് ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലുള്ള ഹൽദിബാരി ഗ്രാമത്തിൽ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി, തനിക്ക് ലഭിച്ച 900 രൂപയുടെ സർക്കാർ സ്കോളർഷിപ്പ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ കണ്ടത് 759 കോടിയിലധികം രൂപ. ബാങ്ക് ബാലൻസ് കണ്ട് വിദ്യാർത്ഥിനിയും കുടുംബവും പൂർണ്ണമായും അമ്പരന്നു. ശനിയാഴ്ചയാണ് ഈ അപൂർവ്വ സംഭവം പുറത്തറിയുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ സുപർണ്ണ റോയ്, തന്റെ അക്കൗണ്ടിൽ വന്ന സ്കോളർഷിപ്പ് തുക പിൻവലിക്കാനായി സഹോദരനൊപ്പം പ്രാദേശിക കസ്റ്റമർ സർവീസ് സെന്ററിൽ എത്തിയതായിരുന്നു.
സർക്കാർ സ്കോളർഷിപ്പ് പദ്ധതി പ്രകാരം ലഭിക്കേണ്ട 900 രൂപ പിൻവലിക്കാനാണ് സുപർണ്ണ എത്തിയത്. എന്നാൽ ബാങ്ക് അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോൾ സ്ക്രീനിൽ തെളിഞ്ഞത് 759,69,51,951 രൂപയാണ് (759 കോടിയിലധികം രൂപ). ആദ്യഘട്ടത്തിൽ ഇത് സാങ്കേതിക തകരാറാണെന്നാണ് അവിടെയുണ്ടായിരുന്നവർ കരുതിയത്. എന്നാൽ പലതവണ ബാലൻസ് പരിശോധിച്ചിട്ടും ഇതേ തുക തന്നെയാണ് സ്ക്രീനിൽ കാണിച്ചുകൊണ്ടിരുന്നത്. ഇതോടെ വിദ്യാർത്ഥിനിയും കുടുംബവും കസ്റ്റമർ സർവീസ് സെന്റർ ഓപ്പറേറ്ററും ഒരുപോലെ അത്ഭുതപ്പെട്ടു.
അക്കൗണ്ടിൽ കോടികൾ വന്ന വാർത്ത അതിവേഗമാണ് ഹൽദിബാരി ഗ്രാമത്തിൽ പടർന്നത്. ഇതോടെ സംഭവം നേരിട്ടറിയാൻ നിരവധി ആളുകൾ കസ്റ്റമർ സർവീസ് സെന്ററിലേക്ക് തടിച്ചുകൂടി. എന്നാൽ ഈ പണത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും ഇത് തങ്ങളുടെ പണമല്ലെന്നും സുപർണ്ണയുടെ കുടുംബം വ്യക്തമാക്കി. “ഞങ്ങൾ വെറും 900 രൂപയുടെ സ്കോളർഷിപ്പ് തുക പിൻവലിക്കാൻ മാത്രമാണ് പോയത്. അക്കൗണ്ടിൽ ഇത്രയും വലിയ തുക കണ്ട് ഞങ്ങൾ പൂർണ്ണമായും ഞെട്ടിപ്പോയി,” കുടുംബാംഗങ്ങൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിങ് സിസ്റ്റത്തിലെ സാങ്കേതിക തകരാറോ സോഫ്റ്റ്വെയർ പിഴവോ, ഡാറ്റാ സിൻക്രണൈസേഷനിൽ (ഡാറ്റ ഒത്തുനോക്കുന്നതിൽ) ഉണ്ടായ പിഴവോ അല്ലെങ്കിൽ മറ്റ് ബാങ്കിങ് സംവിധാനങ്ങളിലെ പ്രശ്നങ്ങളോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിൽ കാണിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പൂർത്തിയായാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.