‘ഞങ്ങൾ നിരപരാധികളാണ് ഉപദ്രവിക്കരുത്’; കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല, മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ ഷോക്കടിപ്പിച്ചു
ഭോപാൽ: മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദളിത് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ മോഷണം പോയെന്ന് ആരോപിച്ചാണ് യുവാക്കളെ ഒരു സംഘം ആളുകൾ തടഞ്ഞുവെക്കുകയും അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തത്.
കെട്ടിയിട്ട ശേഷം വടികളും മാരകായുധങ്ങളും ഉപയോഗിച്ച് മർദ്ദിക്കുകയും, തുടർന്ന് ഇവരുടെ ശരീരത്തിലേക്ക് നിർബന്ധിതമായി വൈദ്യുത ലൈനിൽ നിന്ന് ഷോക്ക് അടിപ്പിക്കുകയുമായിരുന്നു. പീഡനത്തിനിരയായ യുവാക്കൾ തങ്ങൾ നിരപരാധികളാണെന്ന് കരഞ്ഞുപറഞ്ഞിട്ടും അക്രമികൾ ക്രൂരത തുടരുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പരിക്കേറ്റ യുവാക്കളെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം വിവാദമായതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളും, പട്ടികജാതിപട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എസ്‌സി/എസ്ടി പ്രകാരമുള്ള കടുത്ത വകുപ്പുകളും ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതികളെ പോലീസ് തിരിച്ചറിയുകയും ഇവരിൽ ചിലരെ ഇതിനകം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.