മിക്‌സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി 3 വയസുകാരൻ മരിച്ചു
മലപ്പുറം: മിക്‌സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ സ്വദേശി വെല്ലക്കാടൻ മുനീർ, ഫർസീന ദമ്പതികളുടെ മകൻ മുഹമ്മദ് റിസാൻ ആണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
രാവിലെ ഭക്ഷണത്തിന് ശേഷം വീട്ടിലിരുന്ന് മിക്‌സ്ചർ കഴിക്കുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് മിക്‌സ്ചറിലെ കടല അബദ്ധത്തിൽ കുട്ടിയുടെ ശ്വാസനാളിയിൽ കുടുങ്ങിയത്. തുടർന്ന് കുട്ടിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻ തന്നെ കുഞ്ഞിനെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നൽകുന്നതിനിടെ ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കുന്നുംപുറം കാരാട്ടാലുങ്ങൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കുട്ടിയുടെ ഖബറടക്കം നടന്നു.