22/07/2026
[fontresizer_tawhidurrahmandear_widget]

’17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി ഓഫീസ് സെക്രട്ടറി

 ’17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി ഓഫീസ് സെക്രട്ടറി

തൃശൂർ: തെരഞ്ഞെടുപ്പിന് തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി പി. അക്ഷയ്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് തുക ഓഫീസിലേക്ക് കൊണ്ടുവന്നതെന്ന് അക്ഷയ് മാധ്യമങ്ങളോട് ആരോപിച്ചു.

കൊണ്ടുവന്ന പണം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലുള്ള ഒരു സ്വകാര്യ വസതിയിലുമായാണ് സൂക്ഷിച്ചിരുന്നത്. പണമെത്തിയ സമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ മുതിർന്ന നേതാക്കൾ നിർദേശം നൽകിയതായും, തുടർന്ന് പഴയ ഡിവിആർ മാറ്റി പുതിയത് സ്ഥാപിച്ചതായും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്ക് വിനിയോഗിക്കാതെ ഈ കള്ളപ്പണം നേതാക്കൾ സ്വന്തം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നും അക്ഷയ് പറഞ്ഞു.

വിഷയത്തിൽ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന അധ്യക്ഷനും പരാതി നൽകിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. ഇതിന് പുറമെ യാതൊരു കാരണവുമില്ലാതെ നിരവധി സജീവ പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും അക്ഷയ് ചൂണ്ടിക്കാട്ടി. സംഘടന സെക്രട്ടറി കെ.പി. സുരേഷ്, മുരളി കോളങ്ങാട്ട്, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.കെ. അനീഷ്‌കുമാർ എന്നിവർക്ക് സംഭവത്തിൽ നേരിട്ട് അറിവുണ്ടെന്നാണ് വെളിപ്പെടുത്തൽ. വരും ദിവസങ്ങളിൽ ആരോപണങ്ങളെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2025 നവംബർ മുതൽ 2026 ജൂലൈ 14 വരെ ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് അക്ഷയ്.

Also read: