24/07/2026
[fontresizer_tawhidurrahmandear_widget]

ജന്തർ മന്തറിലെ വിദ്യാർഥികൾക്ക് 68,000 രൂപയുടെ പിസ്സയും ബിസ്‌ക്കറ്റും ഓർഡർ ചെയ്ത് നാഗാലാൻഡ് സ്വദേശി | Nagaland Man Orders Pizzas to Jantar Mantar

 ജന്തർ മന്തറിലെ വിദ്യാർഥികൾക്ക് 68,000 രൂപയുടെ പിസ്സയും ബിസ്‌ക്കറ്റും ഓർഡർ ചെയ്ത് നാഗാലാൻഡ് സ്വദേശി | Nagaland Man Orders Pizzas to Jantar Mantar

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികളും ‘കോക്ക്‌റോച്ച് ജനതാ പാർട്ടി'(സിജെപി) പ്രവർത്തകരും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് പിന്തുണയൊഴുകുന്നു(Nagaland Man Orders Pizzas to Jantar Mantar). ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അകലെ നാഗാലാൻഡിലിരുന്ന് ജന്തർ മന്തറിലെ സമരക്കാർക്കായി 150 പിസ്സകളും ബിസ്‌ക്കറ്റുകളും ഓർഡർ ചെയ്ത് ശ്രദ്ധ നേടിയിരിക്കുകയാണ് നാഗാലാൻഡ് സ്വദേശിയായ ഒരു യുവാവ്. സൊമാറ്റോ വഴിയാണ് ഇദ്ദേഹം ഏകദേശം 68,000 രൂപയോളം (നികുതിയും ചാർജുകളും ഉൾപ്പെടെ 73,000 രൂപയോടടുത്ത്) വിലമതിക്കുന്ന ഭക്ഷണം പ്രക്ഷോഭ കേന്ദ്രത്തിലേക്ക് എത്തിച്ചു നൽകിയത്.

ത്സാ ലൂ എന്ന യുവാവാണ് ഇൻസ്റ്റഗ്രാമിൽ ഈ അനുഭവവും സൊമാറ്റോ ബില്ലിന്റെ സ്‌ക്രീൻഷോട്ടുകളും പങ്കുവച്ചത്. രാജ്യതലസ്ഥാനത്ത് തങ്ങളുടെ ഭാവിക്ക് വേണ്ടി കൊടും ചൂടിലും തെരുവിൽ സമരം ചെയ്യുന്ന സഹോദരീസഹോദരന്മാർ വിശന്നിരിക്കുമ്പോൾ സ്വന്തമായി അത്താഴം കഴിക്കാൻ മനസ്സ് വന്നില്ലെന്ന് യുവാവ് തന്റെ വൈകാരികമായ കുറപ്പിൽ കുറിച്ചു.

‘വിശന്നിരിക്കുന്ന ആർക്കും ഇത് നൽകൂ’ | Nagaland Man Orders Pizzas to Jantar Mantar

തനിക്ക് നേരിട്ട് ഡൽഹിയിലെത്തി സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വലിയ വിഷമമുണ്ടായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കുന്നു. തുടർന്ന് ജൂലൈ 22-ന് വൈകുന്നേരം നാലരയോടെയാണ് ഡൊമിനോസിന്റെ ‘ഫാംഹൗസ് ചീസ് ബർസ്റ്റ്’ ഇനത്തിൽപ്പെട്ട 150 പിസ്സകൾ ഇദ്ദേഹം ഓൺലൈനായി ഓർഡർ ചെയ്യുന്നത്.

ഡെലിവറി എക്‌സിക്യൂട്ടീവ് വിളിച്ചപ്പോൾ ഇത്രയും വലിയൊരു ഓർഡർ ആർക്കാണ് നൽകേണ്ടത് എന്ന് ചോദിച്ചതായി യുവാവ് കുറിച്ചു. ‘ദയവായി അവിടെ വിശന്നിരിക്കുന്ന ആർക്ക് വേണമെങ്കിലും ഇത് വീതിച്ചു നൽകുക’ എന്നായിരുന്നു യുവാവിന്റെ മറുപടി. ഇത് കേട്ട് നിമിഷങ്ങളോളം മൗനം പാലിച്ച ഡെലിവറി ബോയ്, ‘ഭക്ഷണമില്ലാതെ വലയുന്ന ആ വിദ്യാർഥികൾക്ക് താങ്കൾ ദൈവത്തെപ്പോലെയാണ്’ എന്ന് തിരികെ പറഞ്ഞതായി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

ഡെലിവറി ബോയിയുടെ ആ വാക്കുകൾ തന്നെ ഏറെ സ്പർശിച്ചെന്നും, രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് ആളുകളെയും കുടുംബങ്ങളെയും ഈ സമരം എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ആ പ്രതികരണമെന്നും യുവാവ് കൂട്ടിച്ചേർത്തു.

”ഞാൻ നാഗാലാൻഡിൽ സുരക്ഷിതമായി ഇരിക്കുമ്പോഴാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ വീടും നാടും വിട്ട് ജന്തർ മന്തറിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നത്. അവരോടൊപ്പം അണിനിരക്കാൻ എനിക്ക് കഴിയില്ല. അതിനാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്. പ്രശംസ ലഭിക്കാനോ വീമ്പുപറയാനോ അല്ല ഞാൻ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. സഹായിക്കാൻ ഡൽഹിയിൽ തന്നെ ഉണ്ടാകണമെന്നില്ലെന്ന് ആളുകളെ അറിയിക്കാനാണ്. സഹായം അത് എത്ര ചെറുതാണെങ്കിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും.”ത്സാ ലൂ കുറിച്ചു.

തരംഗമായി ഓൺലൈൻ ഫുഡ് ഡെലിവറി | Nagaland Man Orders Pizzas to Jantar Mantar

നാഗാലാൻഡ് സ്വദേശിയുടെ ഈ പ്രവർത്തനം വൈറലായതോടെ സമാനമായ രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും ജന്തർ മന്തറിലേക്ക് ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ പഠിക്കുന്ന ബിഹാർ സ്വദേശിയും യു.എസ്.എയിൽ നിന്നുള്ള പ്രവാസികളും ഉൾപ്പെടെ നിരവധി പേർ പ്രക്ഷോഭകർക്കായി പിസ്സ, ബർഗർ, മോമോസ്, താലി ഭക്ഷണങ്ങൾ എന്നിവ ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി അയച്ചുനൽകുന്നുണ്ട്.

പ്രക്ഷോഭ കേന്ദ്രത്തിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തുന്ന ഡെലിവറി ബോയ്മാരുടെ വലിയ നിര തന്നെയാണ് ജന്തർ മന്തറിൽ കാണപ്പെടുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഭക്ഷണം പോലീസുകാർക്കും അവിടെയുള്ള മറ്റുള്ളവർക്കും പരസ്പരം പങ്കുവെച്ച് നൽകുന്ന വിദ്യാർഥികളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ നേടിയിരുന്നു.

എന്നാൽ, ഒരേസമയം വലിയ അളവിൽ ഭക്ഷണം എത്തിച്ചേർന്നതോടെ ഡെലിവറി ആപ്പുകൾ വഴി ജന്തർ മന്തറിലേക്ക് ഇനി ഭക്ഷണം ഓർഡർ ചെയ്യരുതെന്നും, നിലവിൽ ആവശ്യമുള്ളത്രയും ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നും കാണിച്ച് സിജെപി പ്രവർത്തകർ രാത്രി വൈകി സോഷ്യൽ മീഡിയയിൽ അഭ്യർഥന നടത്തുകയും ചെയ്തിരുന്നു.

Also read: