മന്ത്രിയാക്കാമെന്ന് വ്യാജ ഓഫർ; ആദ്യം പിടിച്ചത് ഫോൺ മോഷ്ടിച്ച കള്ളനെ, പിന്നാലെ പ്രതികളേയും
കോഴിക്കോട്: പ്രിയങ്കാഗാന്ധിയുടെ എം.പിയുടെ സെക്രട്ടറിയെന്ന വ്യാജേന എം.എൽ.എ വിദ്യാ ബാലകൃഷ്ണന് മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് മുമ്പേ അറസ്റ്റിലായത് ഫോൺ മോഷ്ടിച്ച കള്ളൻ. ഡൽഹി സ്വദേശിയായ കൂലിപ്പണിക്കാരന്റെ ഫോണാണ് പ്രതികൾ ഉപയോഗിച്ചത്. ഈ ഫോണും സിംകാർഡും മോഷണം പോയതായിരുന്നു.
തട്ടിപ്പിനായി ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ പോലീസ് ആദ്യം കണ്ടെത്തിയെങ്കിലും, തന്റെ ഫോൺ മോഷണം പോയതാണെന്ന് അയാൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തുടർന്ന് പോലീസ് ആ ഫോണിൽ നിന്ന് വിളിച്ച എഴുപതോളം കോളുകളുടെ പിന്നാലെ പോയാണ് മോഷ്ടാവിലേക്ക് എത്തിയത്. കള്ളനെ ചോദ്യം ചെയ്തപ്പോൾ ഫോൺ ഡൽഹിയിലെ കടയിൽ വിറ്റുവെന്ന് സമ്മതിച്ചു. പിന്നീട് മോഷ്ടിച്ച ഫോണുകൾ വാങ്ങുന്ന കടയിലേക്കായി അന്വേഷണം.
ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയിൽ വെച്ചാണ് തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടിയത്. ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും ഐ.ടി നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിദ്യാ ബാലകൃഷ്ണന് പുറമേ കോൺഗ്രസ് എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ രീതിയിൽ വ്യാജ ഓഫർ സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.