26/07/2026
[fontresizer_tawhidurrahmandear_widget]

‘പുതിയ ഉത്തരവാദിത്തം ആത്മാർത്ഥതയോടെ നിറവേറ്റും’; പ്രൽഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

 ‘പുതിയ ഉത്തരവാദിത്തം ആത്മാർത്ഥതയോടെ നിറവേറ്റും’; പ്രൽഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

പ്രൽഹാദ് ജോഷി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്‌ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്.

ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി രാഷ്ട്രപതി ഉത്തരവിട്ടതായി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ബി.ജെ.പി. ലോക്‌സഭാംഗമാണ് പ്രൽഹാദ് ജോഷി. നിലവിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായും നവ-പുനരുപയോഗ ഊർജ വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചുവരികയാണ്.

അതേസമയം, പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശങ്ങളോടെ തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ആത്മാർത്ഥതയോടെ നിറവേറ്റുമെന്ന് പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. തന്നെ ചുമതലയേൽപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് ചരിത്രപരമായ നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ടെന്ന് ജോഷി ഓർമ്മിപ്പിച്ചു. മുൻ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും മറ്റ് സുപ്രധാന പദ്ധതികളും രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകിയിട്ടുണ്ടെന്നും പുതിയ ഉത്തരവാദിത്തം വലിയൊരു കടമയായി കാണുന്നുവെന്നും വിനയത്തോടെ അത് സ്വീകരിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

Also read: