ഇ20 ഇന്ധന വിവാദം: വ്യാജ പ്രചാരണങ്ങളിൽ മെറ്റയ്ക്കും ഗൂഗിളിനുമെതിരെ കേസ് കൊടുക്കാൻ നിതിൻ ഗഡ്‌കരി; അനുമതി നൽകി ഹൈക്കോടതി
മുംബൈ: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത ഇന്ധന നയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളിൽ കർശന നിയമനടപടിക്കൊരുങ്ങി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. വ്യാജ വാർത്തകളും പോസ്റ്റുകളും തടയുന്നതിന്റെ ഭാഗമായി ഗൂഗിൾ, മെറ്റ, എക്സ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് അനുമതി നൽകി.
പെട്രോളിയം മന്ത്രാലയം നേരിട്ട് നടപ്പിലാക്കുന്ന ഇ20 പദ്ധതിയുടെ പേരിൽ താനും കുടുംബവും വൻ സാമ്പത്തിക ലാഭം കൊയ്യുന്നുവെന്ന തരത്തിൽ തെറ്റായ വിവരങ്ങളും ഡീപ്ഫേക്ക് വീഡിയോകളും ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നുണ്ടെന്ന് ഗഡ്‌കരി ഹരജിയിൽ വ്യക്തമാക്കി. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു പദ്ധതിയുടെ പൂർണ്ണ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെക്കാനും, വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന വ്യാജ ആരോപണങ്ങളിലൂടെ തന്റെ സൽപ്പേരിന് കളങ്കം വരുത്താനുമാണ് ഇത്തരം പോസ്റ്റുകളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന നയമാണ് ഇ20. രാജ്യത്തിന്റെ ഇറക്കുമതി ചിലവ് കുറയ്ക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ, പഴയ മോഡൽ വാഹനങ്ങളുടെ എഞ്ചിനുകളുടെ പ്രവർത്തനത്തെ ഈ ഇന്ധനം പ്രതികൂലമായി ബാധിക്കുമെന്ന് ചില വാഹന ഉടമകൾക്കിടയിൽ വലിയ ആശങ്കയുണ്ട്. ഇതിനിടയിലാണ് നയത്തിനെതിരെയും ഗഡ്‌കരിക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നത്. എന്നാൽ, ഈ നയത്തെ എക്കാലത്തും ശക്തമായി പിന്തുണച്ചിട്ടുള്ള അദ്ദേഹം, ഇ20 ഇന്ധനം ഉപയോഗിച്ചത് മൂലം രാജ്യത്ത് ഏതെങ്കിലും ഒരു കാറിനെങ്കിലും തകരാർ സംഭവിച്ചതായി തെളിയിക്കാൻ സാധിക്കുമോ എന്ന് മുൻപ് വിമർശകരെ വെല്ലുവിളിച്ചിരുന്നു.