27/07/2026
[fontresizer_tawhidurrahmandear_widget]

പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

 പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

ലഖ്‌നോ: ക്ലാസിൽ വെച്ച് പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരനായ വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചതായി പരാതി. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള സ്വകാര്യ പ്ലേ സ്‌കൂളിലാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കും സ്‌കൂൾ അധികൃതർക്കുമെതിരെ പൊലീസ് കേസെടുത്തു.

ജൂലൈ 24-ന് സെറീൻ സോണി പ്ലേ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിനിടെ ശുചിമുറിയിൽ പോകാൻ കുട്ടി അധ്യാപികയോട് അനുവാദം ചോദിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ഇതോടെ കുട്ടി അബദ്ധത്തിൽ പാന്റിൽ മൂത്രമൊഴിച്ചു. ഇതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഗ്യാസ് സ്റ്റൗവിൽ കത്തി ചൂടാക്കി സ്വകാര്യഭാഗത്ത് പൊള്ളിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ മർദ്ദിക്കുകയും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

വീട്ടിലെത്തിയ കുട്ടി കടുത്ത വേദന അനുഭവപ്പെടുന്നതായി അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മാതാപിതാക്കൾ പരിശോധിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെടുകയും, കുട്ടി സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കളോട് തുറന്നുപറയുകയുമായിരുന്നു. അധ്യാപികയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ലാൽപൂർ പാണ്ഡേപൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴി, മെഡിക്കൽ റിപ്പോർട്ട്, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച് ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂളിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Also read: