28/07/2026
[fontresizer_tawhidurrahmandear_widget]

ആർബിഐയുടെ പുതിയ പരീക്ഷണം; എന്തുകൊണ്ട് പ്ലാസ്റ്റിക് നോട്ടുകൾ?

 ആർബിഐയുടെ പുതിയ പരീക്ഷണം; എന്തുകൊണ്ട് പ്ലാസ്റ്റിക് നോട്ടുകൾ?

ന്യൂഡൽഹി: ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ പ്ലാസ്റ്റിക് നോട്ടുകളാക്കാൻ പോവുകയാണ്. ഇതിന് പിന്നിൽ എന്ത് ലാഭമാണുള്ളതെന്ന് നോക്കാം. കടലാസ് നോട്ടുകൾ വേഗത്തിൽ കേടുപാടുകൾ സംഭവിച്ച് നശിക്കുന്നവയാണ്. ഇത് തടയാനും അവയുടെ ആയുസ്സ് വർദ്ധിപ്പിക്കാനുമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പോളിമർ നോട്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യ ഘട്ടമായി ഈ രണ്ട് മൂല്യങ്ങളിലുമുള്ള നൂറു കോടി പോളിമർ നോട്ടുകൾ വീതം അച്ചടിച്ച് വിതരണം ചെയ്ത് അവയുടെ ഈട്, ജനങ്ങളുടെ പ്രതികരണം, വ്യത്യസ്ത കാലാവസ്ഥകളിലെ അവസ്ഥ എന്നിവ വിലയിരുത്തും. എന്നാൽ നിലവിലുള്ള കടലാസ് നോട്ടുകൾ പൂർണ്ണമായി പിൻവലിക്കില്ലെന്നും പ്ലാസ്റ്റിക് നോട്ടുകൾക്കൊപ്പം പേപ്പർ നോട്ടുകളും വിപണിയിൽ തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

സാധാരണ കടലാസ് നോട്ടുകളേക്കാൾ രണ്ടും മൂന്നും ഇരട്ടി ആയുസ്സ് പ്ലാസ്റ്റിക് നോട്ടുകൾക്കുണ്ടാകുമെന്ന് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നു. ജലം, ഈർപ്പം, ചെളി എന്നിവയെ പ്രതിരോധിക്കാൻ സാധിക്കുന്നതിനാൽ ഇവ വേഗത്തിൽ കീറിപ്പോകുകയോ അഴുക്കുപിടിക്കുകയോ ഇല്ല. കൂടാതെ വ്യാജനോട്ടുകൾ നിർമ്മിക്കുന്നത് തടയാൻ സഹായിക്കുന്ന സുതാര്യമായ ജനലുകൾ, കട്ടി കൂടിയ ഡിസൈനുകൾ തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ പ്ലാസ്റ്റിക് നോട്ടുകളിൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.

ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങി അമ്പതോളം രാജ്യങ്ങൾ നിലവിൽ പോളിമർ നോട്ടുകൾ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. 1988ൽ ഓസ്‌ട്രേലിയയാണ് ലോകത്തിലാദ്യമായി പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പൂർണ്ണമായി പുറത്തിറക്കിയത്. നിർമ്മാണച്ചെലവ് കടലാസ് നോട്ടുകളേക്കാൾ കൂടുതലാണെങ്കിലും, വർഷങ്ങളോളം കേടുപാടുകളില്ലാതെ വിപണിയിൽ നിലനിൽക്കുന്നതിനാൽ പുതിയ നോട്ടുകൾ വീണ്ടും അച്ചടിക്കുന്നതിനായി കേന്ദ്ര ബാങ്കുകൾക്ക് ചെലവാകുന്ന വൻതുക ദീർഘകാലാടിസ്ഥാനത്തിൽ ലാഭിക്കാൻ പ്ലാസ്റ്റിക് കറൻസികൾ സഹായിക്കുന്നു.

Also read: