കാബോ വെർദെ ‘സൂപ്പർ ഹീറോ’ വൊസീന്യയ്ക്ക് ഇനി ആ പേരിൽ കളിക്കാനാകില്ല! പുതിയ ക്ലബ് ജഴ്സിയിൽ പേരുമാറ്റും | Vozinha Name Change
സാന്റിയാഗോ: 2026 ഫിഫ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ കായികലോകത്തിന്റെ മനംകവർന്ന കാബോ വെർദെയുടെ വെറ്ററൻ ഗോൾകീപ്പർ വൊസീന്യയ്ക്ക് തിരിച്ചടി(Vozinha Name Change). താരത്തിന് അടുത്ത ക്ലബ്ബ് മത്സരങ്ങളിൽ തന്റെ പ്രിയപ്പെട്ട വിളിപ്പേര് ഉപേക്ഷിക്കേണ്ടി വരും. ചിലിയിലെ വൻകിട ക്ലബായ ‘കോളോ കോളോ’യുമായി കരാറിലെത്തിയ 40-കാരനായ താരത്തിന് പ്രാദേശിക ഫുട്ബോൾ മാനേജ്മെന്റിന്റെ വിചിത്രമായ നിയമങ്ങൾ കാരണമാണ് ജഴ്സിയിലെ പേര് മാറ്റേണ്ടി വരുന്നത്.
ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്ക്കും സ്പെയിനിനുമെതിരെ നടത്തിയ അതിശയകരമായ സേവുകളിലൂടെയാണു താരം ആഗോള ശ്രദ്ധ നേടുന്നത്. എന്നാൽ, ഇനി മുതൽ തന്റെ ഔദ്യോഗിക കുടുംബപേരായ ‘ഡയസ്’ അല്ലെങ്കിൽ ‘എവോറ ഡയസ്’ എന്ന പൂർണനാമം അച്ചടിച്ച ജഴ്സിയിലാകും താരം കളത്തിലിറങ്ങുക.
എന്തുകൊണ്ടാണ് പേര് മാറ്റേണ്ടി വരുന്നത്? | Vozinha Name Change
ചിലിയിൻ ഫുട്ബോൾ അസോസിയേഷൻ(എഎൻഎഫ്പി) ചട്ടങ്ങൾ അനുസരിച്ച്, ലീഗിൽ കളിക്കുന്ന താരങ്ങൾ തങ്ങളുടെ ജഴ്സിക്ക് പിന്നിൽ ഒഫീഷ്യൽ സർനെയിമുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കളിക്കാർക്ക് ഇഷ്ടമുള്ള നിക്ക്നെയ്മുകളോ അപരനാമങ്ങളോ ജഴ്സിക്ക് പിന്നിൽ അച്ചടിക്കാൻ അനുമതിയില്ല.
ബ്രസീലിയൻ, പോർച്ചുഗീസ് താരങ്ങൾക്കിടയിൽ ഒറ്റപ്പേരിലോ നിക്ക്നെയ്മുകളിലോ കളിക്കുന്നത് സാധാരണയാണെങ്കിലും ചിലിയിൽ ഈ നിയമം വളരെ കർശനമായി പാലിക്കപ്പെടുന്നു. ഇതിനാലാണ് ‘യോസിമാർ യോസെ എവോറ ഡയസ്’ എന്ന് യഥാർത്ഥ പേരുള്ള കാബോ വെർദെ ഗോൾകീപ്പർക്ക് തനിക്ക് ആഗോള പ്രശസ്തി നേടിത്തന്ന ‘വൊസീന്യ’ എന്ന പേര് വയ്ക്കാൻ സാങ്കേതികമായി തടസ്സം നേരിടുന്നത്.
‘വൊസീന്യ’ എന്ന പേരിന് പിന്നിലെ കഥയെന്ത്? | Vozinha Name Change
പോർച്ചുഗീസ് ഭാഷയിൽ ‘വൊസീന്യ’ എന്നാൽ ‘കുഞ്ഞു അപ്പൂപ്പൻ’ എന്നാണ് അർത്ഥം. ബാല്യകാലത്ത് പ്രായത്തിൽ മൂത്ത കുട്ടികളോട് കളിച്ച് തോൽക്കുമ്പോൾ മുത്തശ്ശിയുടെ അടുത്ത് പോയി പരാതി പറയാറുള്ള കുട്ടിക്കാലത്തെ ശീലം കാരണമാണ് മുത്തശ്ശി തമാശരൂപേണ അദ്ദേഹത്തെ ഈ പേര് വിളിച്ചുതുടങ്ങിയത്. പിന്നീട് പ്രൊഫഷണൽ ഫുട്ബോളിലേക്ക് എത്തിയപ്പോഴും സഹതാരങ്ങളുമായി പേര് മാറിപ്പോകാതിരിക്കാൻ താരം ഈ വിളിപ്പേര് തന്നെ ജഴ്സിയിൽ ഉപയോഗിക്കുകയായിരുന്നു.
ലയണൽ മെസ്സിയുടെ ഇന്റർ മയാമി ഉൾപ്പെടെയുള്ള ക്ലബുകളുടെ ഓഫറുകൾ നിരസിച്ചാണ് ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരായ കോളോ കോളോയിലേക്ക് വൊസീന്യ ചേക്കേറാൻ തീരുമാനിച്ചത്. അത്രയധികം വാണിജ്യ മൂല്യമുള്ളതും സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്നതുമായ ഒരു പേര് ജഴ്സിയിൽനിന്ന് നീക്കം ചെയ്യേണ്ടി വരുന്നത് കോളോ കോളോ ക്ലബിന്റെ ജഴ്സി വിൽപ്പനയെ ബാധിച്ചേക്കുമെന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
എങ്കിലും പ്രത്യേക അനുമതിക്കായി കോളോ കോളോ ക്ലബ് അധികൃതർ ചലിയൻ എഫ്.എയെ സമീപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തടസ്സങ്ങൾ മാറിയില്ലെങ്കിൽ 2026 ലോകകപ്പിലെ ഈ ഹീറോയെ ഇനി പുതിയ പേരിൽ പുതിയ ജഴ്സിയിൽ ദക്ഷിണ അമേരിക്കൻ ഗ്രൗണ്ടുകളിൽ കാണാം.