ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലണമെന്ന വിദ്വേഷ പ്രസ്താവനയിൽ ആർ.എസ്.എസ്. ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെതിരെ പോലീസ് കേസെടുത്തു. എ.ഐ. വൈ.എഫ്. (AIYAF) സംസ്ഥാന സെക്രട്ടറിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു സമരക്കാർക്കെതിരെ മോഹൻദാസ് വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്.
‘എനിക്ക് ഈ സിറ്റേഷൻ കൈയിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല…കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’ -വീഡിയോയിൽ മോഹൻദാസ് പറഞ്ഞു. ഈ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്.
ജന്തർ മന്തറിലെ ജെൻസി പ്രക്ഷോഭകർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും കൂട്ടബലാത്സംഗമായാലും അവർക്ക് പരാതിയില്ലെന്നുമായിരുന്നു മറ്റൊരു വീഡിയോയിലൂടെ മോഹൻദാസ് വാദിച്ചത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമുണ്ടെന്നും, ഇടതുപക്ഷ ജനാധിപത്യ, മതനിരപേക്ഷ, വർഗ്ഗ ബഹുജന ഗുണ്ടാ-ഗുണ്ടൻമാരെല്ലാം ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്നും അതിനിടയിൽ ആരെങ്കിലും മരിച്ചാൽ രക്തസാക്ഷിയായെന്ന് പറയുമെന്നും മോഹൻദാസ് ആരോപിച്ചിരുന്നു. ഈ വിഷയങ്ങളിലാണ് ഇപ്പോൾ പോലീസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.