29/07/2026
[fontresizer_tawhidurrahmandear_widget]

ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

 ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യച്ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി ശിക്ഷാനടപടികൾ കടുപ്പിക്കുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ സർക്കാർ വോട്ടിനിട്ട് തള്ളി.

തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം പരീക്ഷകളിൽ അന്യായമാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തടവുശിക്ഷ അഞ്ച് മുതൽ പത്ത് വർഷം വരെയായി ഉയർത്തും. പിഴത്തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കാനും വ്യവസ്ഥയുണ്ട്. പരീക്ഷാ നടത്തിപ്പുകാരായ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടിയാക്കി വർദ്ധിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങളെ പൊതുപരീക്ഷകളുടെ ചുമതലകളിൽ നിന്ന് വിലക്കുന്ന കാലാവധി നാലിൽ നിന്ന് എട്ട് വർഷമായി ഉയർത്തുകയും അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കുകയും വേണം.

സംഘടിതമായി പരീക്ഷാക്രമക്കേടുകൾ നടത്തുന്നവർക്ക് നിലവിലുള്ള മൂന്ന് വർഷത്തെ തടവ് അഞ്ച് വർഷമായും ഒരു കോടി രൂപയുടെ പിഴ അഞ്ച് കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി ലഭിക്കാവുന്ന തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഏഴ് വർഷമായും, പിഴ ഒരു കോടിയിൽ നിന്ന് 10 കോടി രൂപയായും വർദ്ധിപ്പിച്ചു.

Also read: