അധ്യാപികമാരുടെ എംഡിഎംഎ കേസ്; നീഷ്മയും കാവ്യയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ
കോഴിക്കോട്: വടകരയിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി എംഡിഎംഎ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ താൽക്കാലിക സ്‌പെഷ്യൽ എജ്യുക്കേറ്റർമാരായ കാവ്യയും നീഷ്മയും ഇടത് അധ്യാപക സംഘടനയായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെആർടിഎ) പേരാമ്പ്ര കമ്മറ്റിയുടെ മുൻ ഭാരവാഹികൾ.
സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ പേരാമ്പ്ര ബിആർസിയിൽ പ്രവർത്തിച്ചിരുന്ന ഇരുവരും കഴിഞ്ഞ വർഷത്തെ ജില്ലാ സമ്മേളനത്തിലാണ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പുറത്തിറക്കിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും, മറ്റ് അധ്യാപകർ ചുമതലയേൽക്കാൻ തയ്യാറാകാത്തതിനാലാണ് ഇവർക്ക് ഭാരവാഹിത്വം നൽകിയതെന്നും, ഈ വർഷം ഇവർ സംഘടനയിൽ അംഗത്വം പുതുക്കിയിട്ടില്ലെന്നും നിലവിൽ ബന്ധമില്ലെന്നുമാണ് കെആർടിഎ നൽകുന്ന വിശദീകരണം.
കേസിൽ കായിക അധ്യാപിക കീർത്തന, കാവ്യ, നീഷ്മ എന്നിവരെ കൂടാതെ ഡെലിവറി ബോയിയായ ജിജിൻ കുര്യാക്കോസ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അധ്യാപികമാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ക്യൂആർ കോഡുകൾ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയും പണം കൈപ്പറ്റി ലഹരി ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന ഇടനിലക്കാരായി പ്രവർത്തിച്ച ഇവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി.
ഡെലിവറി ബോയിയുടെ അക്കൗണ്ടിലൂടെ മാത്രം ആറുമാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. ഡിഐജി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇവരുടെ വിദേശ ഫോൺ നമ്പറുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.