പി.സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടില്‍ വെള്ളം കയറി; ലക്ഷങ്ങളുടെ നഷ്ടം
കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ വെള്ളമുയർന്നതോടെ പി.സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പ്രളയജലം കയറി വലിയ നാശനഷ്ടം.
അർദ്ധരാത്രിയോടെയാണ് വീട്ടിനുള്ളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. പുലർച്ചെ രണ്ട് മണിയോടെ വീടിനു ചുറ്റും വലിയ തോതിൽ വെള്ളം ഉയരുകയായിരുന്നു. മൂന്നടിയോളം ഉയരത്തിൽ വെള്ളം കയറിയതോടെ ഹാളിലെയും മുറികളിലെയും ഫർണിച്ചറുകൾ, ടിവി, രണ്ട് ഫ്രിഡ്ജുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ പൂർണമായും വെള്ളത്തിലായി. നിർത്തിയിട്ടിരുന്ന വാഹനത്തിലും വെള്ളം കയറിയിട്ടുണ്ട്. വീട്ടിനുള്ളിൽ മാത്രം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി പി.സി ജോർജ് പറഞ്ഞു.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റെഡിമെയ്ഡ് വസ്ത്രശാലയിലും തയ്യൽശാലയിലും വെള്ളം കയറി 30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ തുണിത്തരങ്ങളും തയ്യൽ മെഷീനുകളും വെള്ളത്തിൽ മുങ്ങിപ്പോയി.
ഈരാറ്റുപേട്ട ടൗണിലും സമീപപ്രദേശങ്ങളിലുമുള്ള ഒട്ടനേകം വ്യാപാരികൾക്കും സാധാരണക്കാർക്കും പ്രളയത്തിൽ ഭീമമായ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പി.സി ജോർജ് വ്യക്തമാക്കി. വ്യാപാരികളുടെ സ്ഥാപനങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണെന്നും ദുരിതത്തിലായ മനുഷ്യരെ സഹായിക്കാൻ സർക്കാരും പൊതുസമൂഹവും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.