03/08/2026
[fontresizer_tawhidurrahmandear_widget]

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിയുടെ കോട്ട തകർത്ത് പ്രശാന്ത് കിഷോറിന് ചരിത്ര വിജയം

 ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിയുടെ കോട്ട തകർത്ത് പ്രശാന്ത് കിഷോറിന് ചരിത്ര വിജയം

പട്‌ന: ബിഹാറിലെ അടിയുറച്ച ബിജെപി കോട്ടയായ ബങ്കിപ്പുർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻസുരാജ് പാർട്ടി സ്ഥാപകനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ കൃത്യമായ ആധിപത്യം പുലർത്തിയ കിഷോർ, 31 റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപിയുടെയും ആർജെഡിയുടെയും കരുത്തരായ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി 18,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിളക്കമാർന്ന ജയം സ്വന്തമാക്കിയത്.

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ബങ്കിപ്പുരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിജെപി തുടർച്ചയായി ജയിച്ചുകയറുന്ന മണ്ഡലത്തിൽ പരമ്പരാഗത വോട്ടുബാങ്ക് നിലനിർത്താൻ യുവനേതാവ് നീരജ് കുമാർ സിൻഹയെയാണ് ബിജെപി രംഗത്തിറക്കിയത്. ആർജെഡിക്കായി രേഖാ കുമാരിയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ കന്നിയങ്കത്തിനായി ബിജെപിയുടെ ഈ ശക്തമായ കോട്ട തന്നെ തെരഞ്ഞെടുത്ത പ്രശാന്ത് കിഷോറിന് മുന്നിൽ എതിരാളികൾക്ക് അടിപതറുകയായിരുന്നു.

സുരക്ഷിത മണ്ഡലങ്ങൾ മാത്രം നോക്കാതെ, ജാതി-മത രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ജനങ്ങൾ ചിന്തിക്കണമെന്ന ശക്തമായ സന്ദേശം നൽകാനാണ് ബങ്കിപ്പുർ പോലുള്ള ഉറച്ച കോട്ടയിൽ പോരാടാനിറങ്ങിയതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു. അണിയറയിലെ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് ജനകീയ നേതാവിലേക്കുള്ള കിഷോറിന്റെ മാറ്റവും ജൻസുരാജ് എന്ന പുതിയ രാഷ്ട്രീയ ബദലിന് ബിഹാർ ജനത നൽകിയ വലിയ സ്വീകാര്യതയുമാണ് ഈ കന്നിയങ്കത്തിലെ വിജയത്തിലൂടെ വ്യക്തമാകുന്നത്. ബിജെപിയുടെയും ആർജെഡിയുടെയും വോട്ടുബാങ്കുകളിൽ വലിയ വിള്ളലുണ്ടാക്കാൻ ജൻസുരാജ് പാർട്ടിക്ക് സാധിച്ചുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ രാഷ്ട്രീയ മുന്നേറ്റം.

Also read: